
രണ്ടു വർഷം കരുതിവച്ചിരുന്ന പക: ക്രൂരമായ കൊലപാതകമായി മാറിയത് മുൻകൂട്ടി കണക്കുകൂട്ടി; ആക്രമണം നടത്തിയത് ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ ചേർന്ന്
സ്വന്തം ലേഖകൻ
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ക്രമസമാധാന നിലയെ തകരാറിലാക്കി ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. സംസ്ഥാനത്ത് വീണ്ടും വീണ്ടും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് ഇപ്പോൾ ഉയരുന്നത്. ആലപ്പുഴയിൽ രണ്ടു വർഷം പഴക്കമുള്ള പ്രതികാരമാണ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചത്.
കൊലക്കേസ് പ്രതികളായ യുവാക്കളാണ് കുത്തേറ്റ് മരിച്ചത്. രണ്ടു വർഷം പഴക്കമുള്ള തുമ്പോളി സാബു വധക്കേസിലെ പ്രതികളായ ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ തുമ്പോളി വെളിയിൽ വീട്ടിൽ വികാസ് (28), ആലപ്പുഴ നഗരസഭ തുമ്‌ബോളി വാർഡിൽ ജസ്റ്റിൻ സോനു (26) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുമ്പോളി പള്ളി സെമിത്തേരിക്കു സമീപം ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം. പള്ളി പെരുന്നാളിനിടെയുണ്ടായ വാക്കു തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സാബുവിനെ കൊന്നതിന്റെ വൈരാഗ്യമാണ് ഇരുവരുടെയും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വർഷം മുമ്പ് തീർത്ഥശേരി ഷാപ്പിലുണ്ടായ തർക്കത്തിനിടെ തുമ്പോളി പള്ളിക്കു പടിഞ്ഞാറു ഭാഗത്തുള്ള സാബു എന്ന കൊച്ചുകുട്ടൻ കൊല്ലപ്പെട്ടിരുന്നു.
ഈ കേസിലെ രണ്ടും മൂന്നും പ്രതികളാണ് വികാസും ജസ്റ്റിൻ സോനുവും. ഏതാനും മാസങ്ങൾക്ക് മുമ്പാണ് വികാസും ജസ്റ്റിനും ജയിലിൽ നിന്നും പുറത്തിറങ്ങിയത്. എതിർസംഘത്തിന്റെ ആക്രമണം ഭയന്ന് സാബുവിന്റെ വധത്തിനു ശേഷം വികാസും ജസ്റ്റിനും തുമ്‌ബോളി റെയിൽവേ ഗേറ്റിന് പടിഞ്ഞാറു ഭാഗത്തേക്ക് പോകാറില്ലായിരുന്നു. ഞായറാഴ്ച പള്ളി പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ സെമിത്തേരിയുടെ ഭാഗത്തെത്തി. ഇതറിഞ്ഞ് എതിർ ചേരിയിലെ ആറംഗ സംഘമെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ കൊലവിളിയായി. വാക്കു തർക്കത്തിനൊടുവിൽ വികാസിനെയും ജസ്റ്റിനെയും കുത്തിവീഴ്ത്തിയ അക്രമിസംഘം ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ആരെയും അനുവദിച്ചില്ല.
സംഭവം അറിഞ്ഞെത്തിയ ആലപ്പുഴ നോർത്ത് പൊലീസാണ് കുത്തേറ്റു കിടന്ന ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ അക്രമിസംഘം കടന്നിരുന്നു. രക്തം വാർന്ന് അവശനിലയിലായ വികാസ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഗുരുതരമായി മുറിവേറ്റ ജസ്റ്റിനെ അടിയന്തര ശസത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്നലെ പുലർച്ചെ ആറരയോടെ മരിച്ചു. ഇരുവർക്കും ശരീരഭാഗങ്ങളിൽ എട്ടിലധികം വീതം ആഴത്തിലുള്ള കുത്തേറ്റിരുന്നു.
സാബു വധക്കേസിന്റെ വിചാരണ ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി 3- ൽ നടന്നു വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമിസംഘത്തിലെ മൂന്നു പേർ പിടിയിലായത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. നിരവധി കേസുകളിൽ പ്രതികളായ വികാസിനെയും ജസ്റ്റിനെയും കൊലപ്പെടുത്തിയതിനു പിന്നിൽ മറ്റേതങ്കിലും സംഘവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിലാണ് അന്വേഷണം.