മലനാടും ഇടനാടും കണ്ണീരിലാകുമ്പോൾ രക്ഷാദൗത്യത്തിന് വീണ്ടും കേരളത്തിന്റെ സൈന്യം ; രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്നും പത്തനംതിട്ടയിലേക്ക് മത്സ്യത്തൊഴിലാളികൾ എത്തുന്നത് പത്ത് വള്ളങ്ങളുമായി
സ്വന്തം ലേഖകൻ
പത്തനംതിട്ട : കഴിഞ്ഞുപോയ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിൽ നിന്നവരാണ് കരളത്തിന്റെ സൈനികരെന്ന് വിശേഷിക്കപ്പെട്ട മത്സ്യ തൊഴിലാളികൾ. ഇപ്പോഴിതാ വീണ്ടുമൊരു ദുരിതകാലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
രക്ഷാപ്രവർത്തനത്തിന് കൊല്ലം വാടി കടപ്പുറത്തു നിന്ന് 10 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടുള്ള പത്തനംതിട്ടയിലേക്ക് കൊല്ലത്ത് നിന്ന് ആദ്യം പോകുന്നത് 10 വള്ളങ്ങളും അൻപതോളം മത്സ്യത്തൊഴിലാളികളും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലാ കളക്ടർ 20 വള്ളം ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യഘട്ടമായി പത്ത് വള്ളങ്ങൾ കൊല്ലത്ത് നിന്നും പുറപ്പെട്ടത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും വെള്ളം കയറിയ നാട്ടുവഴികളിലൂടെ പാഞ്ഞ മത്സ്യത്തൊഴിലാളികൾ തിരികെ കൈപിടിച്ചുകൊണ്ടുവന്നത് നിരവധി ജീവനുകളെയാണ്
ചെങ്ങന്നൂർ പാണ്ടനാട്ട് നടത്തിയ രക്ഷാപ്രവർത്തനം അക്ഷരാർത്ഥത്തിൽ സേനാ വിഭാഗങ്ങൾ നടത്തുന്നതിന് സമാനമായിരുന്നു. രണ്ടാം നിലയിൽ നിന്നു പോലും ആളുകളെ വളളത്തിൽ കയറ്റി രക്ഷപ്പെടുത്തിയിരുന്നു.
ലോക്ഡൗൺ നിയന്ത്രണവും ട്രോളിംഗ് നിരോധനവും കാരണം അഞ്ചു മാസമായി കടലിൽ മത്സ്യബന്ധനത്തിന് പോകുന്നില്ല. ഭക്ഷണത്തിനടക്കം ബുദ്ധിമുട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഈ പ്രതിസന്ധിയിലും കൂടുതൽ വള്ളങ്ങൾ ആവശ്യമായി വന്നാൽ നീണ്ടകര, അഴീക്കൽ ഹാർബറുകളിലും വള്ളങ്ങളും, തൊഴിലാളികളും സജ്ജരായിട്ടുണ്ട്.