
അർദ്ധരാത്രിയിൽ കോടിമത പാലത്തിൽ വാഹനാപകടം: നെയ്യാറ്റിൻകരയിൽ നിന്നും മൂന്നാറിലേയ്ക്കു വിനോദ യാത്ര പോയ സംഘത്തിന്റെ വാനിൽ സ്‌കൂട്ടർ ഇടിച്ചു; അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: അർദ്ധരാത്രിയിൽ കോടിമത പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയിലായ സ്‌കൂട്ടർ യാത്രക്കാരനായ യുവാവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല. ബൈക്ക് യാത്രക്കാരനായ മൂലവട്ടം പൂവൻതുരുത്ത് കല്ലുവെട്ടാംകുഴിയിൽ അജുവിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
ഞായറാഴ്ച അർദ്ധരാത്രിയിൽ കോടിമത നാലുവരിപ്പാതയിൽ നിന്നും കോടിമത പാലത്തിലേയ്ക്കു കയറുന്ന ഭാഗത്തായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽ നിന്നും മൂന്നാറിലേയ്ക്കു വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാനിൽ കോട്ടയം ഭാഗത്തു നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. വാനിന്റെ ഒരു ഭാഗത്ത് ഇടിച്ച ബൈക്ക് റോഡിലൂടെ മീറ്ററുകളോളം നിരങ്ങി നീങ്ങി. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവാവിന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ എത്തിക്കാൻ വാഹനങ്ങളൊന്നും ലഭിക്കാതെ വന്നതോടെ പത്തു മിനിറ്റോളം ഇയാൾ റോഡിൽ വീണു കിടന്നു. വെസ്റ്റ് പൊലീസിന്റെ ജീപ്പ് എത്തി, ഈ ജീപ്പിലാണ് ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്നു അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.