ഇല്ലിക്കലിൽ റോഡിടിഞ്ഞ് കെട്ടിടം വെള്ളത്തിൽ പോയതിനു കാരണം അഴിമതി..! നാലരക്കോടി മുടക്കി നിർമ്മിച്ച റോഡ് മണ്ണിട്ടുയർത്തിയത് തീരം കോൺക്രീറ്റ് ചെയ്യാതെ; നടന്നത് വൻ തട്ടിപ്പും അഴിമതിയും എന്ന് ആരോപണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇല്ലിക്കലിൽ റോഡിടിഞ്ഞ് കെട്ടിടം വെള്ളത്തിൽ വീണതിനു പിന്നിൽ വൻ അഴിമതിയെന്ന് സൂചന..! നാലരക്കോടിയോളം രൂപ മുടക്കിയാണ് ഇവിടെ റോഡ് നിർമ്മിച്ചിരുന്നത്. റോഡ് മണ്ണിട്ടുയർത്തി നിർമ്മിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ കെട്ടിടവും റോഡും ഇടിഞ്ഞു വെള്ളത്തിൽ വീണത്. മീനച്ചിലാറിന്റെ തീരത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാതെ റോഡ് മണ്ണിട്ടുയർത്തി നിർമ്മിച്ചതോടെയാണ് റോഡ് ഇടിഞ്ഞു വെള്ളത്തിലേയ്ക്കു പതിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് ആദ്യമായി വെള്ളത്തിൽ വീണത്. തുടർന്ന് രാത്രി വൈകിയാണ്് ഈ ആറ്റു തീരത്ത് നിന്നിരുന്ന കെട്ടിടം ആറ്റിലേയ്ക്കു വീണത്. മാസങ്ങൾക്കു മുൻപാണ് ഇല്ലിക്കൽ തിരുവാർപ്പ് റോഡ് നിർമ്മാണം ആരംഭിച്ചത്. ഇല്ലിക്കലിൽ നിന്നും തിരുവാർപ്പ് ക്ഷേത്രത്തിലേയ്ക്കും, മലരിക്കൽ ടൂറിസം കേന്ദ്രത്തിലേയ്ക്കും എത്തുന്നതിനുള്ള റോഡായിരുന്നു ഇത്. ഈ റോഡാണ് ഇപ്പോൾ ഇടിഞ്ഞു താഴുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിന്റെ വശങ്ങൾ മണ്ണിട്ട് ഉയർത്തിയ ശേഷമാണ് റോഡ് നിർമ്മിച്ചത്. എന്നാൽ, ഈ ആറിന്റെ തീരങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നില്ലെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് റോഡ് ഇടിഞ്ഞു താഴ്ന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഇവിടെ ഇടിഞ്ഞു താണ കെട്ടിടം, വെള്ളത്തിലേയ്ക്കു വീഴാൻ കാര്യമായതെന്നു സൂചനയുണ്ട്.
സംഭവത്തിൽ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അടക്കമുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. അപകടത്തിനു പിന്നിൽ വീഴ്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം. പൊതുമരാമത്ത് വകുപ്പാണ് റോഡ് നിർമ്മാണം നടത്തിയിരുന്നത്. അശാസ്ത്രീയമായ രീതിയിൽ അപകടകരമായി റോഡ് നിർമ്മിച്ചതാണ് ഇപ്പോഴുള്ള ദുരന്തത്തിന് കാരണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആരോപണം.
ഈ സാഹചര്യത്തിൽ റോഡും കെട്ടിടവും തകർന്നതിനെ സംബന്ധിച്ചു അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.