പത്തിരുനൂറ് കോടി ചെലവാക്കി പണിത ഹൈക്കോടതി 16 വർഷം കൊണ്ട് പോരാ എന്ന ചിന്തയില്‍ പുതിയ ഹൈക്കോടതി കളമശേരിയില്‍ 27 ഏക്കറില്‍ പണിയാൻ ഒരുങ്ങുന്നു ; അഞ്ചേക്കർ ഭൂമിയില്‍ 5.62 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ 9 നിലകളുള്ള കെട്ടിടം ; നിലവിൽ സ്ഥലപരിമിതിയാല്‍ വീർപ്പുമുട്ടുന്ന സാഹചര്യം; പാർക്കിങ് അടക്കം പരാധീനകള്‍ ഏറെ ; ഈ ഹൈക്കോടതി കെട്ടിടം ഇനിയെന്തു ചെയ്യും…

പത്തിരുനൂറ് കോടി ചെലവാക്കി പണിത ഹൈക്കോടതി 16 വർഷം കൊണ്ട് പോരാ എന്ന ചിന്തയില്‍ പുതിയ ഹൈക്കോടതി കളമശേരിയില്‍ 27 ഏക്കറില്‍ പണിയാൻ ഒരുങ്ങുന്നു ; അഞ്ചേക്കർ ഭൂമിയില്‍ 5.62 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ 9 നിലകളുള്ള കെട്ടിടം ; നിലവിൽ സ്ഥലപരിമിതിയാല്‍ വീർപ്പുമുട്ടുന്ന സാഹചര്യം; പാർക്കിങ് അടക്കം പരാധീനകള്‍ ഏറെ ; ഈ ഹൈക്കോടതി കെട്ടിടം ഇനിയെന്തു ചെയ്യും…

Spread the love

സ്വന്തം ലേഖകൻ

കൊച്ചി നഗരമധ്യത്തിലെ ശതകോടികള്‍ വിലമതിക്കുന്ന അഞ്ചേക്കർ ഭൂമിയില്‍ 5.62 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ 9 നിലകളുള്ള കെട്ടിടമാണ് നമ്മുടെ ഹൈക്കോടതിയുടേത്. ആദ്യം 10 കോടി രൂപ നിർമാണച്ചെലവ് കണക്കാക്കിയ കെട്ടിടം പൂ‍ർത്തിയാക്കാൻ 86 കോടി രൂപ ചെലവായി. ഇപ്പോള്‍ അതിനു പാർക്കിങ് അടക്കം പരാധീനകള്‍ ഏറെയുണ്ടെന്നാണു പറയുന്നത്.

ആധുനിക സൗകര്യങ്ങളോടെ പുതിയ ഹൈക്കോടതി മന്ദിരം കളമശേരിയില്‍ എംഎച്ച്‌എംടിയുടെ സമീപ ഭൂമിയില്‍ നിർമിക്കാനാണ് തീരുമാനം. ഹൈക്കോടതിയും കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റിയാണ് കളമശേരിയില്‍ ഉയരുക. ഹൈക്കോടതി ജഡ്ജിമാർ, മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥലപരിശോധന ഈ മാസം 17ന് നടക്കും. നിലവിലെ ഹൈക്കോടതി സമുച്ചയം സ്ഥലപരിമിതിയാല്‍ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് കളമശേരിയില്‍ കൂടുതല്‍ സൗകര്യങ്ങളോടെ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1994ലാണ് നിലവിലെ ഹൈക്കോടതി മന്ദിരത്തിന് തറക്കല്ലിട്ടത്. 11 വർഷത്തിനുശേഷം 2005ല്‍ നിർമാണം പൂർത്തിയായി. 2006ലാണ് ഹൈക്കോടതി പ്രവർത്തനം തുടങ്ങിയത്. കൊച്ചി നഗരമധ്യത്തിലെ ശതകോടികള്‍ വിലമതിക്കുന്ന 5 ഏക്കർ ഭൂമിയില്‍ 5.62 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ 9 നിലകളുള്ള കെട്ടിടമാണ് ഇത്.

വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലായ്മയാണ് ഇവിടത്തെ പ്രധാന പ്രശ്നം. നൂറോളം ജഡ്ജിമാരും ആയിരക്കണക്കിന് അഭിഭാഷകരും ജീവനക്കാരും അത്രത്തോളം തന്നെ പൊതുജനങ്ങളും വന്നുപോകുന്ന ഹൈക്കോടതി സമുച്ചയത്തില്‍ 50 വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള ഇടംപോലുമില്ല. ഹൈക്കോടതിയില്‍ വരുന്നവരുടെ വണ്ടികള്‍ നടപ്പാതയിലും റോഡരികിലുമായാണ് പാർക്ക് ചെയ്യുന്നത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ പാർക്ക് ചെയ്തിട്ടിരിക്കുന്നതു കൊണ്ട് നഗരമധ്യത്തില്‍ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

മംഗളവനത്തോട് ചേർന്നുനില്‍ക്കുന്ന സ്ഥലമായതിനാല്‍ പരിസ്ഥിതിലോല മേഖലയാണിവിടെ. അതിനാല്‍ കൂടുതല്‍ വികസനപ്രവർത്തനങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കുക ദുഷ്കരമാണ്. കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി വരുമ്ബോള്‍ നിലവിലുള്ള ഹൈക്കോടതി കെട്ടിടം എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. ചീഫ് ജസ്റ്റിസിന്‍റെ മുറി ഉള്‍പ്പെടെ 30 കോടതി മുറികളാണ് നിലവിലെ കെട്ടിടത്തിലുള്ളത്. ജഡ്ജിമാരുടെ 37 ചേംബറുകളുമുണ്ട്.

കളമശേരിയില്‍ 27 ഏക്കറാണ് ജുഡീഷ്യല്‍ സിറ്റിക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്ഥലം ആവശ്യമാണെങ്കില്‍ അതിനും നടപടിയുണ്ടാകും. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് പരിഗണിക്കുന്നത്. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷൻ സെന്‍റർ തുടങ്ങി രാജ്യാന്തരതലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ടാകും. ജഡ്ജിമാരുടെ ഓഫിസ്, അഡ്വക്കറ്റ് ജനറല്‍ ഓഫിസ്, ജിവനക്കാരുടെ ക്വാർട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബറുകള്‍, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഉണ്ടാകും.

രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുൻപ് ഇന്നത്തെ ഷണ്‍മുഖം റോഡിന്‍റെ വടക്കുവശം ആള്‍ താമസമില്ലാത്ത വെളിമ്ബറമ്ബായിരുന്നു. കൊച്ചി രാജാക്കന്മാർ കുറ്റവാളികളെ തൂക്കിക്കൊല്ലാൻ ഉപയോഗിച്ച്‌ വന്ന ഒരു കഴുമരം ഈ ഭാഗത്ത് ഉണ്ടായിരുന്നു. കഴുമരത്തോട് ചേർന്ന് ഒരു വലിയ കുളവും. തൂക്കിക്കൊന്നവരുടെ കബന്ധങ്ങളും മറ്റും ഈ കുളത്തിലാണ് ഇട്ടിരുന്നത്.

മംഗളവനത്തിന് കിഴക്ക് തീവണ്ടിയാപ്പീസ് വന്നതിന് ശേഷം ഈ കുളം തീവണ്ടിക്കുളം എന്ന പേരില്‍ അറിയപ്പെട്ടു. ഈ ഭാഗത്ത് അറുകൊല, മാടൻ, കോട്ട് പാതിരി, സായിപ്പ് മുതലായ ആണ്‍ പ്രേതങ്ങളും മറുത, ആന മറുത, കൂളി, നീലി മുതലായ ചരക്കുകളായ പെണ്‍ പ്രേതങ്ങളും വിഹരിച്ചിരുന്നതിനാല്‍ പകല്‍ സമയം പോലും ഈ വഴി ആരും പോയിരുന്നില്ല. അഥവാ പോയാല്‍ ഈ പ്രേതങ്ങള്‍ ബാധയായി മനുഷ്യ ശരീരത്ത് കയറുകയും പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു വന്നു എന്നാണ് പഴമക്കാർ പറയുന്നത്. കുളത്തില്‍ നിന്ന് പകല്‍ സമയത്തു പോലും തീജ്വാലയും മറ്റ് രൂപങ്ങളും ആകാശത്തേക്ക് ഉയർന്ന് പോകുന്നതും മറ്റും കണ്ട പഴമക്കാർ ഉണ്ടായിരുന്നത്രെ. (അത് ചിലപ്പോള്‍ മനുഷ്യശരീരത്തിലെ സള്‍ഫറും ഫോസ്ഫറസും മറ്റും റിയാക്റ്റ് ചെയ്യുന്നതാവാം). ഏകദേശം, ഈ കുളവും കഴുമരവും നിന്ന ഭാഗത്താണ് ഇന്നത്തെ കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

പത്തൊമ്ബതാം നൂറ്റാണ്ടിന്‍റെ അവസാനം വൈസ്രോയിയുടെ കൊച്ചി സന്ദർശനം പ്രമാണിച്ച്‌ മൂപ്പരെ കിടത്തി ഉറക്കാൻ വേണ്ടി പണികഴിപ്പിച്ചതാണ് റാം മോഹൻ പാലസ്. ഈ കെട്ടിടത്തിന്‍റെ പ്രത്യേകത ഇത് എറണാകുളത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് കെട്ടിടമാണ് എന്നുള്ളതാണ്. ഒരു പക്ഷെ കേരളത്തിലെയും. കെട്ടിടം പൂർത്തിയായപ്പോള്‍ ഇത് ഒരു വലിയ അത്ഭുതമാകുകയും ടിക്കറ്റ് വച്ച്‌ പൊതുജനത്തെ കയറ്റി കാണിക്കുകയും ചെയ്തത്രെ. അന്ന് ഒരു കുട്ടിയായിരുന്ന, പിന്നീട് അതേ കെട്ടിടത്തില്‍ ജഡ്ജിയായ ജഡ്ജി ചന്ദ്രശേഖര മേനോൻ ടിക്കറ്റെടുത്ത് ഈ കെട്ടിടം കയറി കണ്ട കാര്യം സുഹൃദ് സദസുകളില്‍ പറഞ്ഞിട്ടുണ്ട്. ഏകദേശം 110 വർഷം കടന്നുപോയിട്ടും ഈ കെട്ടിടത്തില്‍ നിന്ന് ഒരു കഷണം മെറ്റലോ സിമൻറ്റ് കട്ടയോ അടർന്നുവീണിട്ടില്ല. ലോഡ് ലിറ്റൻ പ്രഭു തന്‍റെ ഭാര്യയോടൊത്ത് ശയനം നടത്തിയ ബെഡ് റൂമിലിരുനാണ് നമ്മുടെ ചീഫ് ജസ്റ്റിസുമാർ 2006 വരെ നിയമം നടപ്പാക്കി വന്നത്. ഐക്യ കേരളം വന്നതിന് ശേഷമാണ് റാം മോഹൻ പാലസ് കേരള ഹൈക്കോടതിയായി മാറിയത്.

കേരളാ ഹൈക്കോടതിയുടെ ഇന്നത്തെ നിലയ്ക്കും വിലക്കും അവസ്ഥയ്ക്കും ചേരുന്ന ആർക്കിടെക്ചറല്‍ ബ്യൂട്ടി റാം മോഹൻ പാലസിനില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു, ഇതിന് കിഴക്ക് വശം 2005ല്‍ പണി പൂർത്തീകരിച്ച്‌ 2006ല്‍ ഉദ്ഘാടനം ചെയ്ത പുതിയ ഹൈക്കോടതി കെട്ടിടം ഉണ്ടാക്കിയത്. ജസ്റ്റിസ് സബർവാള്‍ 2006ല്‍ ഉദ്ഘാടനം നിർവഹിച്ച കെട്ടിടത്തിന് 2017ല്‍ 11 വർഷം തികഞ്ഞപ്പോള്‍ ബലക്ഷയമാണത്രെ. തെക്കുപടിഞ്ഞാറേ മൂലയിലുള്ള ബീം തുരന്ന് നോക്കിയ എൻജിനീയർ ഭയന്ന് ഓടിയത്രെ. കാരണം അതില്‍ കമ്ബിയേ ഇല്ല. സിമന്‍റാണോ സുർക്കിയാണോ അതോ ഇനി കായലില്‍ നിന്ന് വാരിയ ചെളിയാണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല..!

ഫലത്തില്‍ ഇതൊരു അരക്കില്ലമാണ്. നീതിന്യായ അരക്കില്ലം. പാണ്ഡവരെ ചുട്ടുകൊല്ലാൻ പുരോചനൻ തയാറാക്കിയതിലും അപകടകരമായ ഒന്ന്. 500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജാഫീസിലെ പ്യൂണിന്‍റെ അപ്പീല്‍ വ്യഗ്രതയോടെ തള്ളി അവനെ അകത്തേക്ക് വിടുന്ന ഹൈക്കോടതിയുടെ മൂക്കിന്‍റെ ഉള്ളിലാണ് ഇത് ഉണ്ടായത് എന്നതാണ് ഖേദകരം.

പത്തിരുനൂറ് കോടി ചെലവാക്കി പണിത ഹൈക്കോടതി 16 വർഷം കൊണ്ട് പോരാ എന്ന ചിന്തയില്‍ പുതിയ ഹൈക്കോടതി കളമശേരിയില്‍ 27 ഏക്കറില്‍ പണിയാൻ പോകുന്നു.

കേസ് ഫയലിങ് കംപ്യൂട്ടർ വഴിയാക്കി കഴിഞ്ഞു. സ്റ്റാഫുകള്‍ മിക്കവാറും വീട്ടിലാണ്. വീട്ടിലിരുന്ന് മൊളോഷ്യവും മെഴുക്കു പുരട്ടിയും ഉണ്ടാക്കുന്നതിനിടക്ക് ഡിഫക്റ്റ് നോക്കാം. അതുകൊണ്ടാണ് ഒരു റിട്ട് ഫയല്‍ ചെയ്താല്‍ കടുക് വറുത്തിട്ടില്ല എന്നൊക്കെ അറിയാതെ ഡിഫക്റ്റ് അടിച്ച്‌ വരുന്നത്. രാത്രികാലങ്ങളിലാണ് ഫയല്‍ സ്ക്രൂട്ടിനി ചെയ്യുന്നതെങ്കില്‍ പ്രൊട്ടക്‌ഷൻ ഇട്ടിട്ടില്ല എന്നും ഡിഫക്റ്റ് അടിച്ച്‌ വന്നേക്കാം. കുറ്റം പറയാൻ പറ്റില്ല. മനുഷ്യർക്ക് ഒരേ സമയത്ത് രണ്ടു പ്രവർത്തി ചെയ്യാനുള്ള തലച്ചോർ ദൈവം തന്നിട്ടില്ല. എന്തായാലും വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ വലിയ കോടതി സമുച്ചയം സ്റ്റാഫിനാവശ്യമില്ല.

വക്കീലന്മാർക്കും കോടതി മുറി ആവശ്യമില്ല. വീട്ടിലിരുന്ന് കംപ്യൂട്ടറിലൂടെ കേസ് പറയാം. കൊറോണ കാലത്ത് ഇവരെല്ലാം പരിപൂർണമായും ഓണ്‍ലൈനായിരുന്നു. ഇപ്പോഴും ഹൈബ്രിഡ് സംവിധാനം തുടരുന്നു. മാത്രമല്ല അമെരിക്കയില്‍ ഈ മാസം റോബോട്ട് വക്കീല്‍ കോടതിയെ അഭിസംബോധന ചെയ്യും. 10 വർഷത്തിനുള്ളില്‍ റോബോട്ട് വക്കിലൻമാരുടെ കളിയായിരിക്കും. റോബോട്ടിനെന്തിന് കോടതി സമുച്ചയം..!

ചൈനയില്‍ റോബോട്ടിക് ജഡ്ജിമാരുടെ പണിയും ഏകദേശം പൂർത്തിയായി കഴിഞ്ഞു. നല്ല റിസല്‍റ്റാണത്രേ. എന്നെ ആകാശത്ത് നിന്ന് നൂലില്‍ കെട്ടിയിറക്കിയതാണ് എന്ന് പ്രകടിപ്പിക്കുന്നില്ലത്രേ. മുമ്ബില്‍ കറുത്ത കോട്ടും ഗൗണും ഇട്ട ഒരാളെ കൊണ്ട് നിർത്തിയിട്ട് മെക്കിട്ട് കേറാൻ ചെന്നതുമില്ലത്രേ. റോബോട്ട് ജഡ്ജിക്കെന്തിന് കോടതി സമുച്ചയം. അതും 27 ഏക്കറില്‍.

ഇതൊക്കെയാണ് നമ്മുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇൻഡ്യ സ്വപ്നം കാണുന്നത്. എല്ലാം ഡിജിറ്റലാക്കണം എന്ന ആഗ്രഹക്കാരനാണ് അദ്ദേഹം. റിട്ടയർ ചെയ്യുന്നതിന് മുമ്ബ് മുകളില്‍ പറഞ്ഞതെല്ലാം അദ്ദേഹം നടപ്പാക്കും, റോബോട്ടിക്ക് ജഡ്ജിമാരെ അടക്കം. പിന്നെന്തിന് ഒരു പടുകൂറ്റൻ കോടതി സമുച്ചയം? അതും 27 ഏക്കറില്‍. മുകളില്‍ പറഞതെല്ലാം ഉടൻ നടപ്പാവുമ്ബോള്‍ 10 സെന്‍റില്‍ രണ്ട് മുറി മതി ഒരു ഹൈക്കോടതിക്ക് പ്രവർത്തിക്കാൻ.

ആ 27 ഏക്കറില്‍ വീട് ഇല്ലാത്തവർക്ക് ലൈഫ് പദ്ധതി വഴി വീട് വച്ച്‌ കൊടുക്കട്ടെ എന്ന അഭിപ്രായക്കാരുമുണ്ട്. അവരെങ്കിലും നന്നാവട്ടെ. ഇവിടം നന്നാവും എന്ന് അധികമാർക്കും പ്രതീക്ഷയില്ല. ആകാശമിടിഞ്ഞു വീണാലും ഉണക്കാനിട്ടിരിക്കുന്ന തേങ്ങാപ്പിണ്ണാക്ക് നനയരുത്.