
സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുന്നതിനിടെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ; ശമ്പള വർധന 3 വർഷത്തെ മുൻകാല പ്രാബല്യത്തോടെ
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുന്നതിനിടെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി.
സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. 3 വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് (2022 ജനുവരി 1 മുതൽ) ശമ്പളം കൂട്ടിയത്.
ക്ഷേമ പെൻഷൻ കുടിശ്ശികയാകുന്നതും, കെഎസ്ആർടിസിലെ ശമ്പളം മുടങ്ങലും ആശവർക്കർമാർക്കുള്ള ശമ്പളം മുടങ്ങലും പതിവായി മാറിയിരിക്കുന്ന വേളയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ പ്രതിരോധം. ഇതിനിടെ ഈ ശമ്പള വർധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പിഎസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ കുത്തനെ കൂട്ടിയിരുന്നു. ചെയർമാന്ററെ ശമ്പളം 2.26 ലക്ഷത്തിൽ നിന്നും മൂന്നര ലക്ഷം രൂപയും അംഗങ്ങളുടേത് 2.23 ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷവുമാക്കി.
കെ വി തോമസിന്റെ യാത്ര ബത്ത 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷത്തിലേക്ക്
കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ സർക്കാർ നിർദേശം.
പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്.
എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെവി തോമസിന്റെ ആവശ്യം.
ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകിയത്.