
ലൈംഗിക പരാതി കണ്ണടച്ച് വിശ്വസിക്കരുത് : “സ്ത്രീകളുടെ മൊഴി വേദവാക്യമല്ല”; വ്യാജ പീഡനപരാതി നല്‍കുന്ന സ്ത്രീകള്‍ക്കെതിരെ പോലിസ് നിര്‍ഭയരായി നടപടിയെടുക്കണം; കേരള ഹൈക്കോടതി
കൊച്ചി: സ്ത്രീകള്‍നല്‍കുന്ന ലൈംഗികാതിക്രമ പരാതികളെല്ലാം സത്യമാകണമെന്നില്ലെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഹൈക്കോടതി. സ്ത്രീയായതിനാൽ അവർ പറയുന്നതെല്ലാം വേദവാക്യമാകണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജപരാതിയാണ് ഉന്നയിച്ചതെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു.
ലൈംഗികാതിക്രമ പരാതിയിലെ പ്രതിയായ കണ്ണൂര്‍ സ്വദേശിക്ക് കര്‍ശനവ്യവസ്ഥയോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ച ഉത്തരവിലാണ് നിര്‍ദേശം. കാസര്‍കോട് ബദിയടുക്ക പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയാണ് ഒരു സ്ഥാപനത്തിലെ മാനേജരായ ഹര്‍ജിക്കാരന്‍. ഇവിടെ ജീവനക്കാരിയായിരുന്ന പരാതിക്കാരിയെ ജോലിയില്‍ വീഴ്ചവരുത്തിയെന്ന കാരണത്താല്‍ പിരിച്ചുവിട്ടു.
ഇതിന്റെപേരില്‍ യുവതി ഹര്‍ജിക്കാരനെ ഭീഷണിപ്പെടുത്തിയെന്നുകാട്ടി ജനുവരി 14ന് ബദിയടുക്ക പോലീസില്‍ പരാതിനല്‍കി. എന്നാല്‍, അന്വേഷണമുണ്ടായില്ല. ഹര്‍ജിക്കാരന്‍ ഡിസംബര്‍ 20ന് ലൈംഗിക താത്പര്യത്തോടെ കൈയില്‍ കയറിപ്പിടിച്ചെന്നുകാട്ടി യുവതി ഫെബ്രുവരി ഏഴിന് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നാണ് യുവതി ഫോണില്‍ ഭീഷണിമുഴക്കിയതടക്കം ഹാജരാക്കി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതി വ്യാജമാണെന്നു കണ്ടെത്തിയാലും തിരിച്ചടിയുണ്ടാകുമോ എന്നതിനാല്‍ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് മടിക്കുമെന്നും അത്തരം ഭയംവേണ്ടെന്നും കോടതി പറഞ്ഞു.
ഹര്‍ജിക്കാരന്‍ ഉന്നയിച്ച പരാതിയിലും അന്വേഷണംനടത്താന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അറസ്റ്റുചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യത്തിലും വിട്ടയക്കണം.