
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു; പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്ക; വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം വരുമോ?
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതാണ് തിരുത്തികുറിച്ചത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയര്‍ന്നും റെക്കോര്‍ഡിട്ടിരിക്കുകയാണ്.
വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന കാലയളവിലെ ജലനിരപ്പിനേക്കാള്‍ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളം.
ഇതേ അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ പുറത്ത് നിന്ന് കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതായി വരും. ഇതിന് പുറമേ പീക്ക് അവറിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായും വരുമെന്നും ആശങ്കയുണ്ട്.