നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി : മൂന്ന് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാവില്ല : പത്രിക തള്ളിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പത്രിക തള്ളിയതിനെ തുടർന്ന് തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വന്നതിന് ശേഷം തെരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മൂന്ന് മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ ഉണ്ടാവില്ലെന്ന് വ്യക്തമായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ബിജെപി പിന്തുണച്ചേക്കും. കനത്ത തിരിച്ചടിയാണ് മൂന്ന് മണ്ഡലത്തിലും ബിജെപിക്കും എൻഡിഎക്കും ഉണ്ടായത്.
തെറ്റായ രീതിയിലാണ് പത്രിക തള്ളിയതെങ്കിൽ ഇപ്പോൾ കേസ് പരിഗണിക്കുന്നത് തെരഞ്ഞെടുപ്പ് നടപടികളെ തടസപ്പെടുത്തുമെന്നായിരുന്നു കമ്മീഷന്റെ വാദം.അതേസമയം സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പിന് ശേഷം കോടതിയെ ബന്ധപ്പെടാമെന്നും തെളിവുകൾ ഹാജരാക്കി നീതി തേടാമെന്നും കമ്മീഷൻ വ്യക്തമാക്കി.