play-sharp-fill
വൈക്കത്തെ കൈക്കൂലിക്കാരനായ ഡോക്ടർ നടത്തിയത് കടുംവെട്ട്..! രോഗിയെ ലാബിൽ അയച്ചാൽ 25 ശതമാനം കമ്മിഷൻ; ഡോക്ടറെ ഒന്നു കണ്ടുപോയാൽ രണ്ടു തവണ സ്‌കാനിംങ് ഉറപ്പ്; സ്കാനിംഗ് കോട്ടയത്തോ ,പാലായിലോ നടത്തണമെന്ന നിർബ്ബന്ധവും; കൈക്കൂലിയും കമ്മിഷനും കൃത്യമായി കണക്കുപറഞ്ഞു വാങ്ങുന്ന ഡോക്ടർ പ്രതിമാസം കെ എസ് എഫ് ഇയിൽ ചിട്ടി അടയ്ക്കുന്നത് നാല്പതിനായിരം രൂപ ; കൊള്ളക്കാരൻ ഡോക്ടർ ബുക്ക് ചെയ്തിതിരിക്കുന്നത് 77 ലക്ഷം രൂപയുടെ ഇ ക്ലാസ് ബെൻസ്

വൈക്കത്തെ കൈക്കൂലിക്കാരനായ ഡോക്ടർ നടത്തിയത് കടുംവെട്ട്..! രോഗിയെ ലാബിൽ അയച്ചാൽ 25 ശതമാനം കമ്മിഷൻ; ഡോക്ടറെ ഒന്നു കണ്ടുപോയാൽ രണ്ടു തവണ സ്‌കാനിംങ് ഉറപ്പ്; സ്കാനിംഗ് കോട്ടയത്തോ ,പാലായിലോ നടത്തണമെന്ന നിർബ്ബന്ധവും; കൈക്കൂലിയും കമ്മിഷനും കൃത്യമായി കണക്കുപറഞ്ഞു വാങ്ങുന്ന ഡോക്ടർ പ്രതിമാസം കെ എസ് എഫ് ഇയിൽ ചിട്ടി അടയ്ക്കുന്നത് നാല്പതിനായിരം രൂപ ; കൊള്ളക്കാരൻ ഡോക്ടർ ബുക്ക് ചെയ്തിതിരിക്കുന്നത് 77 ലക്ഷം രൂപയുടെ ഇ ക്ലാസ് ബെൻസ്

തേർഡ് ഐ ബ്യൂറോ

വൈക്കം: വൈക്കത്തെ കൊള്ളക്കാരനായ ഡോക്ടർ പിടിയിലായതോടെ തെളിഞ്ഞത് സാധാരണക്കാരെ കൊള്ളയടിച്ച തിരുവനന്തപുരംകാരനായ ഡോക്ടറുടെ കടുംവെട്ടാണ്. വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡോക്ടറെ പിടികൂടിയതിനു പിന്നാലെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നടത്തിയ കൊള്ളയുടെ കഥകൾ പുറത്തു വന്നത്. വൈക്കത്ത് കെ.എസ്.ആർ.ടി.സി ഭാഗത്ത് 8000 രൂപ വാടകയുള്ള മുറിയിലാണ് ഇയാൾ പ്രാക്ടീസ് നടത്തിയിരുന്നത്. ഇത്തരത്തിൽ പ്രാക്ടീസ് നടത്തിയിരുന്നു മുറിയിൽ തന്നെ കാണാൻ എത്തുന്ന രോഗികളിൽ നിന്നും ഇയാൾ 200 രൂപയാണ് ഫീസായി വാങ്ങിയിരുന്നത്. ഇത് കൂടാതെ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയിരുന്നു രോഗികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനുള്ള കേന്ദ്രവും ഇതു തന്നെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ വൈക്കത്ത് തന്നെ മറ്റൊരു വീടും ഇയാൾക്കുണ്ടായിരുന്നു.  ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പമാണ് ഇയാൾ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇയാൾ 77 ലക്ഷം രൂപയുടെ ഇ ക്ലാസ് ബെൻസ് ബുക്ക് ചെയ്തിരുന്നു. ഇത് കൂടാതെ 40000 രൂപയാണ് ഒരു മാസം ഇയാൾ കെ.എസ്.എഫ്.ഇയിൽ ചിട്ടി അടയ്ക്കുന്നത്. ഇതെല്ലാം വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഡോക്ടറുടെ രീതികൾ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഏറെ വിചിത്രമാണ്. ഏതു രോഗി എത്തിയാലും രണ്ടു തവണയാണ് ഇയാൾ സ്‌കാനിങ് നടത്തിയിരുന്നത്. വൈക്കത്ത് രണ്ടു സ്‌കാനിംങ് സെന്ററുകളുണ്ടെങ്കിലും പാലായിലും, കോട്ടയത്തെയും സ്‌കാനിംങ് സെന്ററുകളിലേയ്ക്കാണ് ഡോക്ടർ രോഗികളെ അയച്ചിരുന്നത്. തലയോ കഴുത്തോ അടക്കമുള്ള ഭാഗങ്ങൾ സ്‌കാൻ ചെയ്യാൻ രോഗിയ്ക്ക് എഴുതി നൽകിയാൽ 1200 രൂപയാണ് സ്‌കാനിംങ് സെന്ററിൽ നിന്നും ഡോക്ടർ കമ്മിഷനായി വാങ്ങിയിരുന്നത്. വയറിനോ മറ്റ് ഭാഗങ്ങളോ സ്‌കാൻ ചെയാൽ 3000 രൂപയാണ് കമ്മിഷൻ ഈടാക്കിയത്. ഏത് രോഗി എത്തിയാലും ഇവരെ രണ്ടു തവണയാണ് ഡോക്ടറുടെ നിർദേശാനുസരണം സ്‌കാനിംങിനു വിധേയനാക്കിയിരുന്നത്.

എല്ലാ മാസവും സ്‌കാനിംങ് സെന്ററിൽ നിന്നും ഡോക്ടർ കൃത്യമായി കമ്മിഷൻ വാങ്ങിയിരുന്നതായി ഇയാളുടെ അക്കൗണ്ട് രേഖകൾ പരിശോധിച്ച വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. രോഗിയ്ക്ക് എഴുതി നൽകിയിരുന്ന മരുന്നിന്റെ വില മാർക്കറ്റിൽ നിന്നും ശേഖരിച്ച ശേഷം മരുന്നു കമ്പനിയിൽ നിന്നും വിലപേശി കമ്മിഷനും ഡോക്ടർ വാങ്ങിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 20 മുതൽ 25 ശതമാനം കമ്മിഷനാണ് ഡോക്ടർ ഈടാക്കിയിരുന്നത്. ഇത് അടക്കമുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഡോക്ടർ നടത്തിയ കൊള്ളയെപ്പറ്റി വ്യക്തമായത്.