

കോട്ടയം മതിയാകില്ല കേരള കോൺഗ്രസ് എമ്മിന് ; കൂടുതൽ ലോക്സഭ സീറ്റിനായി ആവശ്യപ്പെടാൻ തീരുമാനം.
സ്വന്തം ലേഖകൻ
കോട്ടയം : ഇടതുമുന്നണിയില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം. സിറ്റിംഗ് സീറ്റായ കോട്ടയം ഉള്‍പ്പെടെ നാല് സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ തീരുമാനമെടുത്തിരിക്കുന്നത്.
എല്‍ഡിഎഫിനോട് ഔദ്യോഗികമായി തന്നെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനാണ് കോട്ടയത്ത് നടന്ന സമിതി യോഗത്തിലെ തീരുമാനം.കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര, എന്നീ സീറ്റുകളില്‍ ഏതെങ്കിലും മൂന്ന് സീറ്റുകള്‍ കൂടി ഉറപ്പിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശ്രമം. അതേസമയം ഇടതുപക്ഷത്ത് നിന്നടക്കം കേരള കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് വോട്ടുകള്‍ ലഭിച്ചില്ലെന്ന് ഇടതപക്ഷത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ചൂണ്ടിക്കാണിച്ച് ഇടതുപക്ഷം ആവശ്യം തള്ളിക്കളയുമെന്ന ആശങ്കയുണ്ട്. നേരത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലും കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് എം എത്തിയതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.
സിപിഎം നേതാക്കളോട് അനൗദ്യോഗികമായി കേരള കോണ്‍ഗ്രസ് പല ഘട്ടത്തിലും ആവശ്യപ്പെട്ടതാണ്. ഇനി ഇത് ഔദ്യോഗികമായി ആവശ്യപ്പെടാനാണ് നിര്‍ദേശം. അടുത്ത ഇടത് മുന്നണി യോഗത്തില്‍ തന്നെ ഈ ആവശ്യം മുന്നോട്ട് വെച്ചേക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വോട്ട് വിഹിതം കുറയാന്‍ ഇത് കാരണമായിരുന്നു. അയര്‍ക്കുന്നം, അകലക്കുന്നം, പഞ്ചായത്തുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമാണ്. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുറഞ്ഞതും, തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ഇടതുപക്ഷത്തിന് ലഭിച്ചതും മാണി ഗ്രൂപ്പിന്റെ വരവോടെയായിരുന്നു.