
തേർഡ് ഐ ബ്യൂറോ
കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായി പടർന്നു കയറുമ്പോഴും, കൊവിഡ് വാക്‌സിൻ ലഭ്യമല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കൊവിഡ് അതിവേഗം പടർന്നു കയറുന്നതിനിടെയാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്റെ ലഭ്യത ഉറപ്പു വരുത്താൻ കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടയിലും രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
രോഗക്കിടക്കയിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കർശന നടപടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന് കത്തയച്ചതാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്ത. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തിൽ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാർഗം വാക്‌സിനേഷനാണ്. നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ നൽകി വരുന്നത് കേരളത്തിലാണ്. ഏപ്രിൽ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാൻ ആവശ്യമായ പദ്ധതി ആണ് സർക്കാർ നടപ്പാക്കുന്നത്. നിലവിൽ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയർത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നു ദിവസം കൂടെ നൽകാനുള്ള വാക്‌സിൻ മാത്രമേ സ്റ്റോക്കിൽ ഉള്ളൂ.
ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിൻ ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചു. 50 ലക്ഷം ഡോസ് വാക്‌സിനാണ് ആവശ്യപ്പെട്ടത്. എത്രയും വേഗത്തിൽ ഇത് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.