
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലില്‍ തിരിച്ചെത്തി.
തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കാലാവധി നീട്ടണമെന്ന ആവശ്യം കോടതി പരിഗണിക്കാതിരുന്നതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി വീണ്ടും തിഹാർ ജയിലില്‍ എത്തിയത്. ഇന്ന് തിരികെ കെജ്രിവാള്‍ ജയിലില്‍ പ്രവേശിച്ചതും ആഘോഷമാക്കുകയാണ് ആം ആദ്മി പാർട്ടി ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു മണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കെജ്രിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാൻക്ഷേത്രവും സന്ദർശിച്ച ശേഷമാണ് തിഹാർ ജയിലിലേക്ക് പുറപ്പെട്ടത്. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം വസതിയില്‍ നിന്നും ഇറങ്ങിയത്. അതിന് മുമ്ബ് അദ്ദേഹം പാർട്ടി ഓഫീസില്‍ എത്തി പ്രവർത്തകരേയും നേതാക്കളേയും കണ്ടു.
പാർട്ടി ആസ്ഥാനത്ത് കെജ്രിവാള്‍ പ്രവർത്തകരെ അഭിസംബോധനചെയ്തു സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഈ 21 ദിവസം ഒരു മിനിറ്റുപോലും ഞാൻ പാഴാക്കിയില്ല. ആം ആദ്മി പാർട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാർട്ടികള്‍ക്കുവേണ്ടിയും പ്രചാരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ, ഹരിയാണ, യു.പി, ഝാർഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാർട്ടിയില്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയർത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നത്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ അംഗീകരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭഗത് സിങിനെ പോലെ ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളെയും അദ്ദേഹം തള്ളി. എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
ഭാര്യ സുനിതാ കെജ്രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗെഹ്ലോത്ത്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിങ്, സന്ദീപ് പഥക്, നേതാക്കളായ ദുർഗേഷ് പഥക്, രാഖി ബിർല, റീന ഗുപ്ത എന്നിവരും കെജ് രിവാളിനൊപ്പം ഉണ്ടായിരുന്നു. രാജ്ഘട്ടിന് പുറത്ത് കെജ്രിവാളിനെതിരെ പ്രതിഷേധിച്ച ബിജെപി. നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റുചെയ്തു നീക്കി.
കരിങ്കൊടിയുമായി വനിതാ പ്രവർത്തകരടക്കം കെജ്രിവാളിനെതിരെ പ്രതിഷേധിച്ചു. കുടിവെള്ളക്ഷാമത്താല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്ബോള്‍ കെജ്രിവാള്‍ നാടകം കളിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി ബിജെപി. പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
മാർച്ച് 21- ഇ.ഡി. അറസ്റ്റുചെയ്ത കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മെയ് പത്തിന് അനുവദിച്ച ജാമ്യകാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഞായറാഴ്ച തിഹാറിലേക്ക് മടങ്ങനായിരുന്നു സുപ്രീംകോടതി നിർദ്ദേശം. ജാമ്യം നീട്ടി നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.