സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ആറാംദിവസത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരേ 18 റൺസ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി . മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് 18.1 ഓവറിൽ 129 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും നേടിയ അർദ്ധസെഞ്ചുറികളാണ്മി കൊച്ചിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 34 പന്തിൽ നിന്ന് ആനന്ദ് കൃഷ്ണൻ 54 റൺസ് നേടി. ജോബിൻ ജോബി 50 പന്തിൽ നിന്ന് രണ്ട് സിക്സറും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ 51 റൺസ് നേടി. നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 147 എന്ന സ്‌കോറിൽ കളി അവസാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
148 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന് 14 റൺസ് എടുക്കുന്നതിനിടെ നാലു മുൻനിര ബാറ്റ്സ്മാൻമാരെ നഷ്ടമായി. അഭിഷേക് നായർ (രണ്ട്), അരുൺ പൗലോസ്(രണ്ട്), ക്യാപ്ടൻ സച്ചിൻ ബേബി (രണ്ട്), എ.കെ അർജുൻ (മൂന്ന്) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. എൻ.എം. ഷറഫുദ്ദീന് മാത്രമാണ് കാര്യമായ റൺസ് നേടാൻ സാധിച്ചത്. ഏഴാമനായി ഇറങ്ങിയ ഷറഫുദ്ദീൻ 24 പന്തിൽ നിന്ന് അഞ്ചു സിക്സറും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 49 റൺസ് നേടി.
18.1 ഓവറിൽ 129 ന് ഏരീസ് കൊല്ലം ഓൾ ഔട്ട്. ലീഗിൽ ഇതുവരെ കളിച്ച നാലുകളികളിൽ മൂന്നിലും വിജയിച്ച കൊല്ലം ആദ്യമായാണ് പരാജയപ്പെടുന്നത്.കൊച്ചിക്കു വേണ്ടി ബേസിൽ തമ്പി 3.1 ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. കെ.എം. ആസിഫ് നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കി.
ആദ്യ രണ്ടു കളികളിൽ പരാജയപ്പെട്ട് പോയിന്റ് നിലയിൽ ഏറ്റവും താഴെയായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ചത്തെ വിജയത്തോടെ പോയിന്റ് നിലയിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനു തൊട്ടുതാഴെ രണ്ടാമതെത്തി.ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തൃശൂർ ടൈറ്റൻസും കൊച്ചി ബ്ലൂടൈഗേഴ്സും തമ്മിലാണ് മൽസരം. വൈകിട്ട് 6.45ന് അദാനി ട്രിവാൻഡ്രം റോയൽസും ഏരീസ് കൊല്ലം സെയ്‌ലേഴ്സും തമ്മിൽ മൽസരിക്കും.