കത്തോലിക്ക കോണ്‍ഗ്രസ് നയിക്കുന്ന അതിജീവനയാത്ര : കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ:: ഡിസംബര്‍ 11ന് ആരംഭിച്ച് 22ന് സമാപിക്കും:
സ്വന്തം ലേഖകന്‍
കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 22 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് അതിജീവനയാത്ര സംഘടിപ്പിക്കും. ഡിസംബര്‍ 11 ന് ഇരിട്ടിയില്‍ സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിര്‍വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ.ബിജു പറയന്നിലത്തിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്യും.
കേരളത്തിലെ കാര്‍ഷിക മേഖല വിലതകര്‍ച്ചയും വന്യമൃഗ ആക്രമണവും കൃഷി നാശവും മൂലം മുന്‍പ് ഉണ്ടാകാത്ത വിധം പ്രതിസന്ധിയിലായിട്ടും സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കത്തോലിക കോണ്‍ഗ്രസ് അതിജീവന യാത്ര സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് വെള്ളരിക്കുണ്ടില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം , കോതമംഗലം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ, പത്തനംതിട്ട, അമ്പൂരി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പൊതു സമ്മേളനങ്ങളും സംവാദങ്ങളും നടത്തി ഡിസംബര്‍ 22ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നില്‍ വമ്പിച്ച ധര്‍ണയോടെ സമാപിക്കും. ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ധര്‍ണ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഞ്ചു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഡോ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ.ജോബി കാക്കശേരി, ഡോ.ജോസ്‌കുട്ടി ജെ ഒഴുകയില്‍, ഡേവിസ് ഇടക്കളത്തൂര്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ബന്നി ആന്റണി, ടെസി ബിജു, ട്രീസ ലിസ് സെബാസ്റ്റിയന്‍, അഡ്വ.ഗ്ലാഡിസ് ചെറിയാന്‍, ഗ്ലോബല്‍ രൂപത ഭാരവാഹികള്‍ എന്നിവരടങ്ങുന്ന 501 അംഗ സമിതിയാണ് അതിജീവന യാത്രയ്ക്ക് നേതൃത്വം നല്കുന്നത്.