അര്‍ധരാത്രിയിലും നാട്‌ വഴിയൊരുക്കി; പിഞ്ചുകുഞ്ഞിന്റെ ഹൃദയതാളം കാക്കാൻ

അര്‍ധരാത്രിയിലും നാട്‌ വഴിയൊരുക്കി; പിഞ്ചുകുഞ്ഞിന്റെ ഹൃദയതാളം കാക്കാൻ

Spread the love

സ്വന്തം ലേഖിക

കാസർകോട് : ആംബുലൻസിന്റെ തണുത്ത കൂടിനുള്ളില്‍ പിഞ്ചുകുഞ്ഞിന്റെ ഹൃദയതാളം. ആ താളംമുറിയാതെ കാക്കാൻ എത്രയും പെട്ടെന്ന് കൊച്ചിയില്‍ വിദഗ്ധചികിത്സ ലഭ്യമായ ആസ്പത്രിയില്‍ എത്തണം. മരണത്തിനും ജീവിതത്തിനും ഇടയിലെ ദൂരം ഓടിയെത്താനുള്ള ദൗത്യം ഏറ്റെടുത്ത് ആംബുലൻസ് കാഞ്ഞങ്ങാട്ടുനിന്ന് പുറപ്പെട്ടു. ഉറക്കമിളച്ച്‌ ശ്വാസമടക്കിപ്പിടിച്ച്‌ നാട് അതിന് വഴിയൊരുക്കിക്കൊടുത്തു. അഞ്ചരമണിക്കൂര്‍കൊണ്ട് കുഞ്ഞുമായി ആംബുലൻസ് കൊച്ചി അമൃത ആസ്പത്രിയിലെത്തി.

കോടോം-ബേളൂര്‍ ഏഴാംമൈല്‍ വയമ്ബിലെ വി. രാജേഷിന്റെയും എം. പ്രവീണയുടെയും മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമായി കാഞ്ഞങ്ങാട്ടെ ദീപ നഴ്സിങ് ഹോമില്‍നിന്ന് വെള്ളിയാഴ്ച രാത്രി 10.40-നാണ് ആംബുലൻസ് എറണാകുളം അമൃത മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കുതിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.15-ന് ആംബുലൻസ് ആസ്പത്രിയിലെത്തി. കുട്ടിയെ ഉടൻ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ പരിശോധിച്ച കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീണ്‍ അറോറയാണ് ഹൃദയസംബന്ധമായ പ്രശ്നം കണ്ടെത്തിയത്. ജീവൻ രക്ഷിക്കാൻ അടിയന്തരശസ്ത്രക്രിയ വേണമെന്നമെന്നറിഞ്ഞതോടെ കുഞ്ഞിന്റെ അച്ഛനും ബന്ധുക്കളും ആംബുലൻസില്‍ അമൃതയിലേക്ക് കുതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂര്‍ സഹകരണ ആസ്പത്രിയുടെ ആംബുലൻസിലായിരുന്നു യാത്ര. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി വി. വിശോഭായിരുന്നു ഡ്രൈവര്‍. നഴ്സിങ് ജീവനക്കാരൻ സന്ദീപ് പി. സോമനും ഒപ്പുമുണ്ടായിരുന്നു. കുട്ടിക്ക് പാല്‍ നല്‍കുന്നതിനായി അല്‍പനേരം വഴിയില്‍ നിര്‍ത്തിയതൊഴിച്ചാല്‍ യാത്രയില്‍ മറ്റു തടസ്സങ്ങളൊന്നുമുണ്ടായില്ലെന്ന് വിശോഭ് പറഞ്ഞു. നവമാധ്യങ്ങളില്‍ കുഞ്ഞിന്റെ ജീവനുമായി ആംബുലൻസ് കാഞ്ഞങ്ങാട്ടുനിന്ന് അമൃതയിലേക്ക് പുറപ്പെട്ട സന്ദേശം പ്രചരിച്ചതോടെ യാത്ര സുഗമമായി. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ രണ്ടുദിവസത്തിനകം ശസ്ത്രക്രിയ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.