video
play-sharp-fill
മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ കൊറോണ രോഗബാധിതരുടെ പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിൽ ; സംഭവത്തിൽ പരാതിയുമായി കാസർഗോഡ് ഡി.എം.ഒ രംഗത്ത്

മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ കൊറോണ രോഗബാധിതരുടെ പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിൽ ; സംഭവത്തിൽ പരാതിയുമായി കാസർഗോഡ് ഡി.എം.ഒ രംഗത്ത്

സ്വന്തം ലേഖകൻ

കാസർഗോഡ് : ജില്ലയിൽ കൊറോണ വൈറസ് രോഗബാധയെ തുടർന്ന ചികിത്സയിൽ കഴിയുന്നവരുടെ പേരും മേൽവിലാസവും ഫോൺനമ്പറും അടക്കമുള്ള വിശദ വിവരങ്ങൾ ചോർത്തിയ സംഭവം വൻ വിവാദത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെയാണ് കാസർഗോഡ് ജില്ലയിലെ കൊറോണ ബാധിതരായവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും കൊറോണ ബാധിതരുടെ പോരും മറ്റ് വിശദാശങ്ങളും അടങ്ങിയ പട്ടിക പൊലീസിന് നൽകിയ രോഗ ബാധിതരുടെ പട്ടികയാണ് ചോർത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ വാട്‌സ്ആപ്പിൽ കൈമാറിയ വിവരങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരുടെ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശം നിലനിൽക്കെയാണ് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ പൊലീസിന് വാട്‌സ്ആപ്പിലൂടെ കൈമാറിയ കൊറോണ ബാധിതരുടെ വിവരങ്ങൾ ചോർന്നത്. ഈ സംഭവം രോഗിയുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

രോഗബാധിതരുടെ വിവരങ്ങൾ തേടി ആശങ്കയോടെ മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിക്കുമ്പോൾ പോലും ആരും സ്ഥലപ്പേര് പോലും നൽകാറില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ പൊലീസിന് കൈമാറിയ പട്ടിക ചോർത്തിയത്. എന്നാൽ രോഗബാധിതരുടെ പട്ടികയിലെ ഏതാനും ചിലരുടെ പേരുകൾ മറച്ചുവെച്ചായിരുന്നു സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതെന്നും ശ്രദ്ധിക്കപ്പെടേണ്ടതാണ്. എന്നാൽ പൊലീസ് സേനയുടെ ഏതോ ഒരു ഗ്രൂപ്പിൽ നിന്നാണ് വിവരങ്ങൾ
ചോർന്നതെന്നാണ് പ്രഥമിക നിഗമനം.

വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയതോടെ രോഗബാധ സ്ഥിരീകരിച്ച ഒരു സ്ത്രീയുടെ ഫോണിലേക്ക് ബന്ധുക്കളുടെയും അയൽവാസികളുടെയും നൂറുകണക്കിന് വിളികളാണ് എത്തിയത്. രോഗബാധ ഉണ്ടായതെങ്ങനെയും മറ്റും ആരാഞ്ഞായിരുന്നു വിളികളേറെയും. മറ്റു ചിലരാകട്ടെ ആശങ്ക പ്രകടിപ്പിക്കുകയും നാട്ടിൽ നിന്ന് തന്നെ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശല്യം സഹിക്ക വയ്യാനാകാതെ ഇവർ ഫോൺ ഓഫ് ചെയ്തുവെങ്കിലും ബന്ധുക്കളുടെ ഫോണുകളിലേക്കും നിരവധി ഫോൺകോളുകൾ എത്തിയിരുന്നു.

രോഗ ലക്ഷണങ്ങളുള്ളവർ അടിക്കടി പുറത്തിറങ്ങി നടന്നാൽ പേരുവിവരം വെളിപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ രോഗലക്ഷണങ്ങളുള്ളവർ പുറത്ത് കറങ്ങി നടക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാൽ ഇതിനു തൊട്ടുപിന്നാലെ ജില്ലയിലെ രോഗബാധിതരുടെ പട്ടിക മുഴുവൻ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും പൊലീസിന് കൈമാറുന്നത്.എന്നാൽ എങ്ങനെയാണ് പട്ടിക ചോർന്നതെന്നു അറിയില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫിസർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫിസർ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.