കാരുണ്യനാഥന്റെ സ്മരണയ്ക്ക്മുന്നിൽ കണ്ണീർ പൂക്കളർപ്പിച്ച് കുടുംബവും നേതാക്കളും
സ്വന്തം ലേഖകൻ
കോട്ടയം: കേരളാ കോൺഗ്രസ്സ്(എം) ചെയർമാനായിരുന്ന കെ.എം മാണിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ജീവകാരുണ്യപ്രവർത്തനങ്ങളുമായി പ്രവർത്തകർ പങ്കാളികളായി.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന അനുസ്മരണ ചടങ്ങുകൾ ഒഴിവാക്കിയാണ് പ്രവർത്തകർ കാരുണ്യദിനമായി ആചരിച്ചത്. രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലിലെ കെ.എം മാണിയുടെ കല്ലറയിൽ ഭാര്യ കുട്ടിയമ്മ, ജോസ് കെ.മാണി എം.പി, നിഷ ജോസ് , കൊച്ചുമക്കളായ പ്രിയങ്ക, റിതിക, കുഞ്ഞുമാണി എന്നിവർ എത്തി പ്രാർത്ഥന നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകർ പാലായിലേക്ക് എത്തണ്ട എന്ന നിർദേശമുണ്ടായിരുന്നിട്ടും പാലായിലെത്തിയ അദ്ദേഹത്തിന്റെ അനുയായികളെ കർശന നിയന്ത്രണങ്ങളോടെയാണ് പള്ളിയിലേക്ക് കയറ്റിയത്. തുടർന്ന് തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, സെബാസ്റ്റ്യൻ കുളത്തുങ്കൽ,ജോസഫ് ചാമക്കാല എന്നിവർ പള്ളിയിലും പാലായിലെ കെ.എം മാണിയുടെ ഭവനത്തിലും എത്തി.
കേരള കോൺഗ്രസ്സ് പ്രവർത്തകർരെല്ലാം അവരുടെ ഭവനങ്ങളിൽ തന്നെ കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥന നടത്തി. സംസ്ഥാനത്തുടനീളം 500 ലധികം കമ്മ്യൂണിറ്റി കിച്ചനുകളിലെ ഭക്ഷണത്തിനുള്ള സഹായം നൽകിയാണ് പാർട്ടിപ്രവർത്തകർ കാരുണ്യനാഥനന് സ്മരണാഞ്ജലി ഒരുക്കിയത്.
കേരളാ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഹകരണസ്ഥാപനങ്ങൾ നിരാലംബരായ കിടപ്പുരോഗികൾക്ക് 1000 രൂപയുടെ ധനസഹായവും വിതരണം ചെയ്തു.