കാരുണ്യയെയും, ജൻ ധന്നിനെയും തകർക്കാൻ മെഡിക്കൽ സ്‌റ്റോറുകാരുടെ തട്ടിപ്പ് പരസ്യം: ബോർഡിൽ ഡിസ്‌ക്കൗണ്ട് പത്ത് ശതമാനം; കടയിലെത്തിയാൽ പത്തു രൂപ മാത്രം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയ്ക്കു മുന്നിലെ മുളങ്ങാശേരി മെഡിക്കൽസിൽ നടക്കുന്നത് വൻ തട്ടിപ്പും കൊള്ളയും
തേർഡ് ഐ ബ്യൂറോ
മുണ്ടക്കയം: ആരോഗ്യ രംഗത്ത് സാധാരണക്കാരെ സഹായിക്കാൻ, ധൻജന്നും കാരുണ്യയും പിടിമുറുക്കിയതോടെ ഇവരെ തകർക്കാൻ ഡിസ്‌ക്കൗണ്ടിന്റെ തട്ടിപ്പുമായി മെഡിക്കൽ സ്റ്റോർ ഉടമ. ബോർഡിൽ മാത്രം ഡിസ്‌ക്കൗണ്ട് എഴുതിവച്ച്, കടയിലെത്തുമ്പോൾ ഡിസ്‌ക്കൗണ്ട് ഉപേക്ഷിക്കുന്ന വമ്പൻ തട്ടിപ്പുകാരനായ മെഡിക്കൽ സ്റ്റോർ സംഘത്തെയാണ് തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയ്ക്കു മുന്നിൽ പ്രവർത്തിക്കുന്ന മുളങ്ങാശേരി മെഡിക്കൽസാണ് ആളെപ്പറ്റിക്കുന്ന ഡിസ്‌ക്കൗണ്ട് ഓഫർ ബോർഡിൽ ഏഴുതിച്ചേർത്തിരിക്കുന്നത്.
പത്ത് ശതമാനം ഡിസ്‌ക്കൗണ്ട് മരുന്നിന്റെ വിലയിൽ ഉണ്ടെന്നാണ് ബോർഡിൽ ഏഴുതി വച്ചിരിക്കുന്നത്. എന്നാൽ, കടയിലെത്തി മരുന്നുവാങ്ങിക്കഴിയുമ്പോൾ പത്തു രൂപ മാത്രമാണ് ഇയാൾ കുറച്ചു നൽകുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികളെ ഞെക്കിപ്പിഴിഞ്ഞ് മുളങ്ങാശേരി മെഡിക്കൽസുകാരൻ ലക്ഷങ്ങൾ സമ്പാദിച്ച് കൂട്ടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഈ മെഡിക്കൽസിൽ നിന്നും മരുന്നു വാങ്ങാൻ തീരുമാനിച്ചത്. ഏപ്രിൽ 28 ന് തേർഡ് ഐ ന്യൂസ് ലൈവ് സംഘം കടയിലെത്തി നാല് ഇനം മരുന്നു വാങ്ങി. ഏതാണ്ട് 814 രൂപയായിരുന്നു ബിൽ തുകയായി പ്രിന്റ് ചെയ്ത് നൽകിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബില്ലിൽ ഡിസ്‌ക്കൗണ്ട് രേഖപ്പെടുത്തുകയോ, ഒരു രൂപ പോലും കുറച്ച് നൽകുകയോ തയ്യാറായില്ല. ആയിരം രൂപ കടയിൽ നൽകിയ ശേഷമാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഡിസ്‌ക്കൗണ്ടിനെപ്പറ്റി ചോദിച്ചത്. ഇതോടെ 20 രൂപ കുറയ്ക്കാമെന്നായി അധികൃതർ. എന്നാൽ, പത്തു ശതമാനം ഡിസ്‌ക്കൗണ്ട് ഉണ്ടല്ലോ ബോർഡിൽ എന്ന് ചോദിച്ചതോടെ 80 രൂപ കുറച്ചു നൽകാമെന്നായി മെഡിക്കൽ സ്റ്റോർ അധികൃതർ. എന്നാൽ, വാങ്ങിയ മരുന്ന് തിരികെ നൽകിയ ശേഷം, പണം തിരികെ നൽകാൻ സംഘം മെഡിക്കൽ സ്റ്റോർ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ, മരുന്ന് തിരികെ എടുക്കില്ലെന്നും പണം തിരികെ നൽകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. തുടർന്ന് തർക്കമുണ്ടായതോടെ പണവും ബില്ലും ഇവർ തിരികെ നൽകി.
കേന്ദ്ര സർക്കാർ പദ്ധതിയായ ധൻജൻ മെഡിക്കൽ സ്റ്റോറുകളിൽ 10 മുതൽ 60 ശതമാനം വരെ വിലക്കുറവുണ്ട്. കാരുണ്യ ഫാർമസികളിലും ഇത്തരത്തിൽ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ രണ്ട് ഫാർമസികളുടെയും മാതൃകയിൽ ബോർഡ് സ്ഥാപിച്ചാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയ്ക്കു മുന്നിലെ മെഡിക്കൽ സ്‌റ്റോർ തട്ടിപ്പ് നടത്തുന്നത്. സാധാരണക്കാരായ രോഗികളാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. ഒരു രൂപയെ്ങ്കിലും മരുന്നു വിലയിൽ ലാഭം പ്രതീക്ഷിച്ചാണ് ഇവർ ഡിസ്‌ക്കൗണ്ട് എന്ന ബോർഡ് കാണുന്ന മെഡിക്കൽ സ്‌റ്റോറുകളിൽ കയറിയിറങ്ങുന്നത്. എന്നാൽ, ഡിസ്‌ക്കൗണ്ട് എന്ന പേരിൽ ഇത്തരത്തിൽ രോഗികളെ പിഴിയുന്ന നിലപാടാണ് മെഡിക്കൽ സ്റ്റോറുകൾ സ്വീകരിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കാൻ കർശന നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായേ മതിയാകൂ. മെഡിക്കൽ സ്റ്റോറുകളുടെ മരുന്ന് കൊള്ള അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് സംഘം നിയമപോരാട്ടം ആരംഭിക്കാൻ തുടങ്ങുകയാണ്.