വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയിൽ നിന്നും അഞ്ചു ലക്ഷം തട്ടി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ പ്രതിയെ ചങ്ങനാശേരി പൊലീസ് പൊക്കി; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന പുനലൂർ സ്വദേശി റിമാൻഡിൽ

ക്രൈം ഡെസ്‌ക്
കോട്ടയം: ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്ത് സൗദിയിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവാവിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പുനലൂർ സ്വദേശിയെ ചങ്ങനാശേരി പൊലീസ് പിടികൂടി.
നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെയാണ് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊക്കി അകത്താക്കിയത്.
കൊല്ലം പുനലൂർ കരവാളൂർ ആലക്കുന്നിൽ വീട്ടിൽ ബേബിയുടെ മകൻ സജിമോൻ ബേബിയെയാണ് (44) ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.വി മനോജ്കുമാർ അറസ്റ്റ് ചെയ്തത്.
2017 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ രാമങ്കരിയിലായിരുന്നു പരാതിക്കാരനായ അനിൽകുമാർ താമസിച്ചിരുന്നത്.
സൗജിയിൽ അനിൽകുമാറിനൊപ്പമാണ് പ്രതിയായ സജിമോൻ താമസിച്ചിരുന്നത്. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അനിൽകുമാറിന് ഉയർന്ന ശമ്പളത്തിൽ മികച്ച ജോലി നൽകാമെന്നായിരുന്നു സജിയുടെ വാക്ക്.
സജിമോന്റെ വാക്ക് വിശ്വസിച്ച അനിൽകുമാർ, 5.60 ലക്ഷം രൂപ സജിയുടെ അക്കൗണ്ടിലേയ്ക്ക് ചങ്ങനാശേരിയിൽ നിന്നും ഇട്ടു നൽകി. അനിൽകുമാറിന്റെ നിർദേശാനുസരണം ഇയാളുടെ ഭാര്യ രാജലക്ഷ്മിയാണ് പണം അക്കൗണ്ടിൽ ഇട്ടു നൽകിയത്.
തുടർന്ന് രണ്ടു മാസത്തോളമായിട്ടും വിസയും, പണവും ലഭിക്കാതെ വന്നതോടെ അനിൽകുമാർ ചങ്ങനാശേരി പൊലീസിലും, കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഈ സമയം സജിമോൻ വിദേശത്തേയ്ക്ക് കടന്നിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഇയാളെ കണ്ടെത്താൻ ലുക്കഔട്ട് സർക്കുലർ പുറത്തിറക്കി.
ഈ സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ എമ്മിഗ്രേഷൻ വിഭാഗത്തിന് ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്ന് ഞായറാഴ്ച വൈകിട്ട് വിമാനത്താവളത്തിൽ പ്രതിയായ സജിമോൻ വന്നിറങ്ങിയപ്പോൾ ചങ്ങനാശേരി സ്‌റ്റേഷനിലെ ക്രൈം എസ്.ഐ പി.എൻ കൃഷ്ണൻകുട്ടി സീനിയർ സിവിൽ പൊലീസ് സിജു കെ.സൈമൺ, സിവിൽ പൊലീസ് ഓഫിസർമാരായ എം.ആർ രാജീവ്, അമ്പാടി, നിധിൻ  എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കൊരട്ടി പൊലീസ് സ്റ്റേഷനിലും കൃഷ്ണൻകുട്ടിയ്‌ക്കെതിരെ സമാന രീതിയിൽ കേസുണ്ട്.