
പറമ്പിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെ ചൊല്ലി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചു; കോട്ടയം കറുകച്ചാലിൽ അച്ഛനും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ
സ്വന്തം ലേഖിക
കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ അച്ഛനായ ഗോപി.എൻ (52), കങ്ങഴ മുണ്ടത്താനം കുര്യൻ ബ്ലാക്ക് കോളനി ഭാഗത്ത് കുര്യൻ പ്ലാക്കൽ വീട്ടിൽ രമേശൻ ചെട്ടിയാർ (51) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിക്രമിച്ച് കയറിയ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും, കമ്പുകൊണ്ട് മർദ്ദിക്കുകയുമായിരുന്നു.
മധ്യവയസ്കന്റെ പറമ്പിൽ ഇവരുടെ വീടിന്റെ കുളിമുറി പണിയുന്നതുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത മണ്ണ് ഇട്ടിരുന്നു. ഇത് തന്‍റെ പറമ്പിൽ നിന്നും നീക്കം ചെയ്യണമെന്ന് മധ്യവയസ്കൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വിരോധം മൂലമാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെത്തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, സന്തോഷ്, സി.പി.ഓ മാരായ പ്രദീപ്,സുരേഷ്, സിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.