കർണ്ണാടക മോഡലിൽ ലീഗ്; നോട്ടം മുഖ്യമന്ത്രി സ്ഥാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലതു പക്ഷത്തെ കിങ് മേക്കർ സ്ഥാനം ലീഗിലേക്ക്. മാണിക്ക് നേട്ടം ഉണ്ടാക്കുന്ന ലീഗ് നീക്കം അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്. ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് നിഷ്പ്രഭമാകുന്നതിനാൽ സംസ്ഥാനത്തെ വലതു രാഷ്ട്രീയം തങ്ങളുടെ കൈത്തണ്ടയിൽ ഒതുക്കാൻ കർണ്ണാടക മോഡലിൽ ലീഗ് കോൺഗ്രസിനോട് വില പേശും. ലീഗ് ഇടപെട്ട് മാണിക്കും കൂട്ടർക്കും രാജ്യസഭാ സീറ്റ് നേടിക്കൊടുത്തതിനാൽ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിൽ വിലപേശൽ രാഷ്ട്രീയത്തിൽ മാണി ലീഗിന് പൂർണ പിന്തുണയും നൽകും.
മാണി ലീഗ് അച്ചു തണ്ടാകും ഇനി സംസ്ഥാനത്തെ വലതു രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നത്. ഇതിന്റെ തണലിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ നേതൃത്വം വിചാരിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകും എന്ന തന്ത്രവും ലീഗ് ഇനി പ്രചരിപ്പിക്കും. ലീഗിന്റെ ഈ നീക്കത്തിൽ ഇടഞ്ഞും ഇടയാതേയും നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ തങ്ങളുടെ ചൊൽപ്പൊടിയിൽ നിർത്തി ഇവരുടെയെല്ലാം ഗോഡ്ഫാദർ ആകാനുള്ള നീക്കമായിരിക്കും കേരള രാഷ്ട്രീയത്തിൽ ഇനിയുള്ള കാലം ലീഗ് പയറ്റുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിന്റെ ചൊൽപ്പടിക്കു കോൺഗ്രസിനു നിൽക്കേണ്ടിവരുമെന്ന സൂചനയാണ് കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നേടിക്കൊടുത്തതിലൂടെയെന്ന് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. ലീഗിന്റെ കെണിയിൽ കോൺഗ്രസ് വീണുവെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും, കെ. മുരളീധരൻ എംഎൽഎയുമെല്ലാം സൂചന നൽകിയിട്ടുണ്ട്. കർണ്ണാടകയിൽ കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കം അതേ തരത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗ് പയറ്റും. സി.എച്ച്. മുഹമ്മദ് കോയയ്ക്കു ശേഷം മുസ്ലീം ലീഗിലെ ആരും ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിട്ടില്ല. മുൻ മുഖ്യമന്ത്രി കെ. കരുണാകരന് കോൺഗ്രസ് പാർട്ടിയിലുണ്ടായിരുന്ന അപ്രമാദിത്വം ലീഗിനെ യുഡിഎഫ് ക്യാമ്പിൽ തളച്ചിടുകയായിരുന്നു. കരുണാകരനു ശേഷം എ.കെ. ആന്റണിയുടെ ആശീർവാദത്തിൽ ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് എത്തിയെങ്കിലും ലീഗിന്റെ വളർച്ചയ്ക്ക് തടയിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ശക്തമായിരുന്നതിനാൽ ലീഗ് കളംവിട്ട് കളിച്ചതുമില്ല. കോൺഗ്രസ് ദൂർബലമായി. കരുണാകരന്റെ കാലം മുതൽ ലീഗ് മനസ്സിലിട്ടിരുന്ന ആഗ്രഹത്തിന് ഇപ്പോൾ കളം ഒരുങ്ങിയ നിലയിലാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. ബിജെപി നിർണായക ശക്തിയാകുന്നതിനാൽ കോൺഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങൾക്കും അറിയാം. അതിനാൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ലീഗും മാണിയും ചോദിക്കുന്ന സീറ്റുകൾ ഇനിയുള്ള കാലത്ത് ലഭിക്കും. ഉമ്മൻചാണ്ടിയും ഇതിലൂടെ നേട്ടം കൊയ്യുന്നുണ്ട്. എഐസിസി സെക്രട്ടറി ആയതിനാൽ മാണിക്ക് സീറ്റ് നേടിക്കൊടുക്കുന്നതിൽ കാര്യങ്ങൾ എളുപ്പമാക്കി. ഇനി സംസ്ഥാന രാഷ്ട്രീയത്തെ ദൽഹിയിൽ ഇരുന്ന് നിയന്ത്രിക്കാം. തന്റെ ആഗ്രഹം പോലെ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് തടയാൻ ലീഗിനെ മുന്നിൽ നിർത്തി കളിക്കാനുമാകും.