video
play-sharp-fill
ഇനി ശ്രീരാമഭക്തി നിറയുന്ന കാലം….!  രാമായണം നിറയുന്ന നാലമ്പലങ്ങൾ; ഏതാണ് നിങ്ങളുടെ ഏറ്റവും അടുത്ത്? എങ്ങനെ ഒറ്റദിവസത്തില്‍ ‌പോയിവരാം? അറിയേണ്ടതെല്ലാം…..

ഇനി ശ്രീരാമഭക്തി നിറയുന്ന കാലം….! രാമായണം നിറയുന്ന നാലമ്പലങ്ങൾ; ഏതാണ് നിങ്ങളുടെ ഏറ്റവും അടുത്ത്? എങ്ങനെ ഒറ്റദിവസത്തില്‍ ‌പോയിവരാം? അറിയേണ്ടതെല്ലാം…..

കോട്ടയം: ഇനി ശ്രീരാമഭക്തി നിറയുന്ന കാലം.

രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം… രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം.

അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം.

ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്.

ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം : തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്.

ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം : ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്.

പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം : കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം ഇവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍