play-sharp-fill
കർക്കടക ചികിത്സ എന്തിന്?; എന്താണ് കർക്കടകത്തിന് ഇത്ര പ്രധാന്യം? കർക്കിടകത്തിലെ ആരോഗ്യ ചികിത്സ ; അറിയേണ്ടതെല്ലാം

കർക്കടക ചികിത്സ എന്തിന്?; എന്താണ് കർക്കടകത്തിന് ഇത്ര പ്രധാന്യം? കർക്കിടകത്തിലെ ആരോഗ്യ ചികിത്സ ; അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ

ആത്മീയ കാര്യത്തിലും ആരോഗ്യ കാര്യത്തിലും ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. ശരീരത്തില്‍ അധികമുള്ള വാതദോഷത്തെ പുറത്തുകളയാൻ വേണ്ടിയാണ് കർക്കടക ചികില്‍സ നടത്തുന്നത്. മസാജ്, ധാര, പൊടിക്കിഴി, പച്ചക്കിഴി, ഉധ്വർത്തനം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. വീട്ടില്‍ വച്ചു തന്നെ ചെയ്യാവുന്ന ലഘുചികില്‍സയാണ് എണ്ണതേച്ചുകുളി.


ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം പറയപ്പെടുന്നുണ്ട്. ഋതു ചര്യ എന്നാണ് അതിന് പറയുന്നത്.ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ശരീരത്തിൽ ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർഷ ഋതു ചര്യ എന്നാൽ മഴക്കാലത്തു ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തിൽ കർക്കിടക മാസത്തിൽ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാൽ വർഷ ഋതു ചര്യയ്ക്ക് കർക്കിടകത്തിൽ പ്രാധാന്യം കൈ വന്നു എന്ന് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായഭേദമെന്യേ മുതിർന്നവർക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സുഖചികില്‍സ നടത്താം. വിശ്രമവും പഥ്യവുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഓരോ ചികില്‍സാവിധിക്കും ഓരോ സമയപരിധിയുണ്ട്. ഒരു ചികില്‍സാ രീതി നിശ്‌ചയിച്ചു കഴിഞ്ഞാല്‍ ഇടയ്‌ക്കു വച്ചു നിർത്താൻ പറ്റില്ല. ശരീരത്തെ ചികില്‍സയ്‌ക്കു വിധേയമാക്കി വീണ്ടും പഴയ പടിയെത്തിക്കും വരെയുള്ള ഒരു ചക്രം പൂർത്തിയാക്കുമ്ബോഴേ ചികില്‍സ പൂർണമാകൂ.

എണ്ണതേച്ചുള്ള കുളി (അഭ്യംഗസ്‌നാനം) ആണ് വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികില്‍സ. പേശികള്‍ക്കും എല്ലുകള്‍ക്കും സംഭവിക്കുന്ന രൂപമാറ്റങ്ങള്‍, സ്‌ഥാനഭ്രംശങ്ങള്‍, രക്‌തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവ പരിഹരിക്കാൻ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തരത്തിലുള്ള തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ. ഇതിന് ആയുർവേദ വിദഗ്‌ധന്റെ സഹായം തേടണം.

നാഡീ ഞരമ്ബുകളെ ഉണർത്തി ഊർജസ്വലത നല്‍കുന്നതിനുള്ള ചികില്‍സകളാണ് ഉഴിച്ചിലും തിരുമ്മലും. വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയർപ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ് ഇത്. ഉഴിച്ചില്‍ നടത്തുമ്ബോള്‍ പ്രത്യേക ചിട്ടകള്‍ പാലിക്കേണ്ടിവരും.

ഏഴു ദിവസം മുതല്‍ 14 ദിവസം വരെയാണ് ഈ ചികില്‍സ നടത്തേണ്ടത്. ഔഷധ ഇലകള്‍ നിറച്ച കിഴികള്‍ ഉപയോഗിച്ചു തൈലങ്ങള്‍ ശരീരത്തില്‍ തിരുമ്മി പിടിപ്പിക്കുന്നതാണ് തിരുമ്മല്‍. ചെറുചൂടുള്ള തൈലം തിരുമ്മി പിടിപ്പിക്കാം. ഇതിനു പുറമെ നവരക്കിഴി ചികില്‍സ, ഇലക്കിഴി ചികില്‍സ, വസ്തിനസ്യം തുടങ്ങിയവ വിദഗ്ധ വൈദ്യന്മാരുടെ മേല്‍നോട്ടത്തില്‍ ചെയ്യാവുന്ന സുഖചികില്‍സകളാണ് പൊതുവെ ദഹനശക്‌തി കുറയുന്ന സമയമായതിനാല്‍ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളില്‍നിന്നു രക്ഷ തരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടക കഞ്ഞി ഉത്തമമാണ്.

അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞള്‍, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്ബൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയല്‍ചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്.

കഷായം അരിച്ചെടുത്ത് അതില്‍ നവര അരി വേവിച്ചെടുത്ത് പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കാം. നവര അരി ഇല്ലെങ്കില്‍ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം. തുടർച്ചയായി ഒരു മാസം ഉപയോഗിക്കുന്നതു ഗുണം ചെയ്യുമെങ്കിലും 10, 20, 30, 40 ദിവസം എന്നിങ്ങനെ ആവശ്യം പോലെ ഔഷധക്കഞ്ഞി സേവിക്കുന്നവരുണ്ട്. ഔഷധക്കഞ്ഞിയും ച്യവനപ്രാശ്യവുമെല്ലാം നമ്മുടെ ആമാശയത്തിന്റെ പ്രവർത്തനത്തെ കൃത്യതയുള്ളതാക്കാൻ സഹായിക്കും.