ശബരിമല കാനനപാതയിലെ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍; പ്രതിഷേധവുമായി അയ്യപ്പ ധര്‍മ്മസംഘം അടക്കമുള്ള സംഘടനകള്‍; പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തം

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല കാനനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയൻ്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ശബരിമല അമ്പലത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാം പടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയൻ്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മല അരയ മഹാസഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പ ധര്‍മ്മസംഘം അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അയ്യപ്പധര്‍മ്മ സംഘത്തിൻ്റെ നേതൃത്വത്തില്‍ ഭക്തര്‍ തീര്‍ത്ഥാടനത്തിനായി തിങ്കളാഴ്ച വൈകുന്നേരം പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയൻ്റെ കല്ലറ തുറന്ന് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

അതിപ്രാചീനകാലം മുതല്‍ മല അരയ സമുദായത്തില്‍പ്പെട്ടവര്‍ അധിവസിച്ചിരുന്ന കരിമലയില്‍ കരിമല അരയൻ്റെ കല്ലറ കൂടാതെ ആരാധനാലയം, ചതുരക്കിണര്‍, നാളി കേരമുടയ്ക്കാനുള്ള പുണ്യശില, കരിമല അരയന്‍ കല്ലറ, പുരത്തറകള്‍ എന്നിവയടക്കം നിരവധി നിര്‍മ്മിതികള്‍ ചരിത്രാവശേഷിപ്പുകളായുണ്ട്.

ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ഥാടന കാനനപാതയോരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയ്ക്ക് ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട് . ഇതു തകര്‍ക്കപ്പെട്ടതിനു പിന്നില്‍ തത്പരകക്ഷികളുടെ ഗൂഢ ലക്ഷ്യമുണ്ടെന്നും മല അരയരടക്കം കോടിക്കണക്കിനു ശബരിമല വിശ്വസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും മല അരയ മഹാസഭാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കരിമല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട മല അരയജനതയുടെ പ്രാചീന സംസ്കാരവും ശേഷിപ്പുകളുമാണ് ഇതിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇത് വിശദമായി അന്വേഷിച്ച്‌ ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടു വരണം.

വിശ്വപ്രസിദ്ധമായ ശബരിമല അമ്പലവുമായി അഭേദ്യ ബന്ധമുള്ള കരിമലയിലെ നിര്‍മിതികള്‍ തകര്‍ക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിച്ച്‌ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും വനാന്തരങ്ങളിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്ര സാംസ്കാരിക വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് മല അരയ മഹാസഭാ പറഞ്ഞു.