കരിമലയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു സർക്കാർ : 315 ഏക്കർ റവന്യു ഭൂമി സർക്കാർ ഏറ്റെടുത്തു
സ്വന്തം ലേഖകൻ
രാജാക്കാട് : ഇടുക്കി കൊന്നത്തടി കരിമലയ്ക്കു മുകളിൽ കൈയേറിയ 315 ഏക്കർ റവന്യു ഭൂമി സർക്കാർ ഒഴിപ്പിച്ചു ഏറ്റെടുത്തു. സ്വകാര്യവ്യക്തി കൈയേറി നിർമിച്ച കെട്ടിടം കലക്ടർ എച്ച് ദിനേശൻ നേരിട്ടെത്തിയാണ് ഇവിടെ ബോർഡ് സ്ഥാപിച്ചു ഭൂമി ഏറ്റെടുത്തത്.
റവന്യു വകുപ്പ് ഏറ്റെടുത്ത് ഭൂമി സീൽ ചെയ്തു. കൊന്നത്തടി വില്ലേജിലെ ബ്ലോക്ക് നമ്പർ 29ൽ സർവേ നമ്പർ ഒന്നിൽ 117/1 ലെ പാറ തരിശായ ഭൂമിയാണിത്. മലമുകളിലെ ഏക്കറുകണക്കിന് ഭൂമി കൈയേറി പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുന്നതിനുള്ള നീക്കം മുമ്പ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊന്നത്തടി വില്ലേജ് ഓഫീസർ എം ബി ഗോപാലകൃഷ്ണൻ സ്ഥലം സന്ദർശിച്ച് റവന്യു ഭൂമി കൈയേറി അനധികൃത കെട്ടിടം നിർമിച്ചതടക്കം ഉൾക്കൊള്ളിച്ചു കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റടുത്തത്.
പ്രദേശത്ത് ഭൂമി കൈയേറി കെട്ടിടം നിർമിച്ച രാജാക്കാട് സ്വദേശിക്കെതിരെ നിയമനടപടി സ്വീകരിക്കും. സ്ഥലം കൈയേറി 33 പേർ പ്ലോട്ടുകൾ തിരിച്ചെടുത്തതായി റവന്യു സംഘം കണ്ടെത്തി. ഏറ്റെടുത്ത ഭൂമി വേലികെട്ടി തിരിച്ചു വിനോദസഞ്ചാരത്തിനായി കൈമാറാനും പദ്ധതിയുള്ളതായി കലക്ടർ പറഞ്ഞു.