play-sharp-fill
പാകിസ്ഥാനെ തകർത്തെറിഞ്ഞ് കാർഗിലിൽ ഇന്ത്യയുടെ വിജയക്കൊടി മിന്നിച്ചിട്ട് ഇന്നേക്ക് ഇരുപതാണ്ട്.

പാകിസ്ഥാനെ തകർത്തെറിഞ്ഞ് കാർഗിലിൽ ഇന്ത്യയുടെ വിജയക്കൊടി മിന്നിച്ചിട്ട് ഇന്നേക്ക് ഇരുപതാണ്ട്.

സ്വന്തം ലേഖകൻ

ന്യൂഡൽഹി : പാകിസ്താനെ തകർത്തെറിഞ്ഞ് കാർഗിലിൽ ഇന്ത്യയുടെ വിജയക്കൊടി മിന്നിച്ച സ്മരണകൾക്ക് ഇന്നേക്ക് ഇരുപതാണ്ട്.1999ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്.1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ പാകിസ്ഥാൻ സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്.

പിന്നീടാണ് പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത്. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റർ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.1999 മെയ് മാസത്തിൽ തുടങ്ങിയ സായുധപോരാട്ടം ജൂലൈ വരെ തുടർന്നു. നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താൻ പട്ടാളം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതാണ് കാർഗിൽ യുദ്ധത്തിനു കാരണമായി ഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നീട് മനസിലായത്. കാർഗിൽ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയോട് പറഞ്ഞിരുന്നത്.

14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാകിസ്ഥാൻ ആക്രമണത്തിനു തെരഞ്ഞെടുത്തത്. തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും പാകിസ്ഥാൻ സൈന്യം കയ്യേറിയിരുന്നു.

യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ യുദ്ധത്തിൽ മരിച്ച സൈനികരെ പിന്നീട് പാകിസ്ഥാൻ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീൻ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. അങ്ങനെ യുദ്ധത്തിൽ നയതന്ത്രപരമായുള്ള മുൻതൂക്കവും ഭാരതത്തിന് ലഭിച്ചു.എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു.