സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങി
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങി. ഇന്ന് പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനത്തിൽ നൂറുക്കണക്കിന് കണ്ണൂരുകാരാണ് യാത്ര ചെയ്തത്. ആദ്യയാത്രാ സംഘത്തിന് യാത്രയയപ്പും സംഘടിപ്പിച്ചിരുന്നു. കാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ് ഹർഷാരവത്തോടെയാണ് കണ്ണൂരുകാർ എതിരേറ്റത്. വർഷങ്ങളായുളള കാത്തിരിപ്പ് സാക്ഷാത്ക്കരിച്ചതിന്റെ നിർവൃതിയിലായിരുന്നു ഓരോരുത്തരും.
റിയാദ് നഗരത്തിലുളള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നവരിലേറെയും. എല്ലാവരും പരസ്പരം അറിയുന്നവർ. അതുകൊണ്ടുതന്നെ ആദ്യ യാത്ര ആഘോഷമായി. കണ്ണൂർ എക്‌സ്പാട്രിയേറ്റ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 30 അംഗങ്ങൾ സംഘം ചേർന്നാണ് ആദ്യ യാത്രയിൽ പങ്കാളികളായത്. കണ്ണൂർ ചിറക് വിടർത്തിയ സന്തോഷം പങ്കുവെക്കാൻ കണ്ണൂരിലെ പ്രവാസി കൂട്ടായ്മ കഴിഞ്ഞ ദിവസം ആഘോഷവും സംഘടിപ്പിച്ചിരുന്നു.