play-sharp-fill
കണ്ണൂർ ഡീലക്‌സിന് അമ്പത് വയസ്സ്

കണ്ണൂർ ഡീലക്‌സിന് അമ്പത് വയസ്സ്

സ്വന്തം ലേഖിക

കണ്ണൂർ : കണ്ണൂർ ഡീലക്‌സ് എന്ന് കേട്ടാൽ മലയാളിക്ക് മറക്കാൻ കഴിയുമോ? തൈപ്പൂയക്കാവടിയാട്ടം പോലെ മനസിൽ തുള്ളിയോടി വരും ഒരു സിനിമയും ഒരു ബസും. പ്രേംനസീറും ഷീലയും അടൂർ ഭാസിയും തകർത്തഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലറായ കണ്ണൂർ ഡീലക്‌സ്. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി. ആ സിനിമ ഷൂട്ട് ചെയ്ത കെ.എസ്.ആർ.ടി.സിയുടെ നിത്യഹരിത ബസ് സർവീസാണ് കണ്ണൂർ ഡീലക്‌സ്.

1969ൽ റിലീസായ സിനിമയ്ക്ക് 50 വയസാകുന്നു. അതിനും രണ്ട് കൊല്ലം മുൻപേ സർവീസ് ആരംഭിച്ച കണ്ണൂർ ഡീലക്സ് ബസിന് 52 വയസും. കെ.എസ്.ആർ.ടി.സി എത്രയോ സർവീസുകൾ നിറുത്തിയിട്ടും കണ്ണൂർ ഡീലക്‌സ് യാത്രക്കാരുടെ നിത്യ ഹരിത കാമുകിയും കാമുകനുമായി ഇന്നും ഓടിക്കൊണ്ടേയിരിക്കുന്നു. അന്ന് 28 സീറ്റുള്ള ബെൻസ് ബസായിരുന്നു. ഇപ്പോൾ ടാറ്റയുടെ ബസാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാക്കഥ

തിരുവനന്തപുരം – കണ്ണൂർ ബസിലെ ഒരു മോഷണവും കള്ളനെ പിടിക്കുന്നതുമാണ് കഥ. ചേർത്തലയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ മാതൃകയിലാണ് കള്ളനെ പിടിക്കുന്നത്. മുതലാളി കോഴിക്കോട്ടെ കൂട്ടാളിക്ക് നൽകാൻ ഏല്പിച്ച 25,000 രൂപയുമായി ഷീലയുടെ കഥാപാത്രമായ ജയശ്രീ കണ്ണൂർ ഡീലക്‌സിൽ യാത്ര തിരിക്കുന്നു. അതിൽ ഒരു കെട്ട് കള്ളനോട്ടാണ്. യാത്രയ്ക്കിടെ കള്ളൻ ഗോപാലകൃഷ്ണൻ (ജോസ്പ്രകാശ്) ജയശ്രീയുടെ ബാഗ് അടിച്ചു മാറ്റി വഴിക്ക് ഇറങ്ങിപ്പോകുന്നു. ജയശ്രീ കണ്ടക്ടറെ (നെല്ലിക്കോട് ഭാസ്‌കരൻ) വിവരം അറിയിച്ചു. ബസിൽ പരിശോധിച്ചപ്പോൾ ഒരു യാത്രക്കാരനെ കാണാനില്ല. ബുദ്ധിമാനായ കണ്ടക്ടർ കണ്ണൂർ ബോർഡ് മാറ്റി തിരുവനന്തപുരം ബോർഡ് വച്ച് വണ്ടി തിരിച്ചു വിട്ടു ! വഴിയിൽ കാത്തുനിന്ന മണ്ടൻ കള്ളൻ പഴയ ബസാണെന്നറിയാതെ കയറി. കായംകുളത്തുവച്ച് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്തു. അവിടെ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കുന്ന ബസിൽ മാനസികാസ്വാസ്ഥ്യമുള്ള നമ്പൂതിരിയും (നസീർ) സിൽബന്തി ചന്തുവും (അടൂർ ഭാസി) കയറുന്നു. ഇരുവരും വേഷം മാറിയ സി.ഐ.ഡികളാണ്. കോഴിക്കോട്ടെത്തിയ അവർ കള്ളനോട്ട് സംഘത്തെ കുടുക്കുന്നു. ക്ലൈമാക്‌സിൽ ജയശ്രീ കേന്ദ്ര ഇന്റലിജൻസ് ഓഫീസറാണെന്നും വെളിപ്പെടുന്നു.

ഹിറ്റ് മേക്കർ എബി രാജ് ആണ് കണ്ണൂർ ഡീലക്സിന്റെ സംവിധായകൻ. ഐ.വി. ശശി സഹസംവിധായകനായിരുന്നു. ശ്രീകുമാരൻ തമ്പി രചിച്ച് ദക്ഷിണാമൂർത്തി ഈണം നൽകി യേശുദാസും ജയചന്ദ്രനും കമുകറയും എസ്. ജാനകിയും പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റായി. തുള്ളിയോടും പുള്ളിമാനേ…, മറക്കാൻ കഴിയുമോ പ്രേമം….,തൈപ്പൂയ കാവടിയാട്ടം…, വരുമല്ലോ രാവിൽ….,എത്ര ചിരിച്ചാലും… എന്നീ പാട്ടുകൾ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട്.

കണ്ണൂർ ഡീലക്‌സ് ബസ്

     കന്നിയാത്ര 1967

  • അന്നത്തെ ഗതാഗത മന്ത്രി ഇമ്പിച്ചി ബാവ ഫ്‌ളഗ് ഓഫ് ചെയ്തു
  • ആദ്യം തിരുവനന്തപുരം ഡിപ്പോയിൽ നിന്നായിരുന്നു സർവീസ്
  • കണ്ണൂർ ഡിപ്പോ വന്നപ്പോൾ അവിടേക്ക് മാറ്റി
  • കണ്ണൂരിൽ നിന്ന് വൈകിട്ട് 5.30 ന് പുറപ്പെടും
  • പിറ്റേന്ന് രാവിലെ 6ന് തിരുവനന്തപുരത്ത്
  • തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.30ന്
  • പിറ്റേന്നു രാവിലെ കണ്ണൂരിൽ
  • അരലക്ഷം രൂപ വരെയാണ് പ്രതിദിന കളക്ഷൻ