തീർപ്പാക്കിയ കോടതി രേഖകൾക്ക് വിവരാവകാശമോ ? വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ഹൈക്കോടതിയിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം : തീർപ്പായ കേസുകളുടെ രേഖകൾ കൈമാറാമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ഹൈക്കോടതിയിലേക്ക്.
കഴിഞ്ഞ ദിവസം സോജൻ പി മാണി എന്ന വ്യക്തി പരാതികളുടെ പകർപ്പ്,വിസ്താരമൊഴി,വിധിപ്പകർപ്പ് തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ വിവരാവകാശ നിയമപ്രകാരം കോടതിരേഖകൾ അനുവധിക്കാനാവില്ലെന്നും, വേണമെങ്കിൽ നിർദിഷ്ട കോടതി ഫീസ് അടച്ച് അപേക്ഷിക്കാനുമായിരുന്നു ഇൻഫർമേഷൻ ഓഫീസറുടെ മറുപടി.കേസിലെ കക്ഷിയല്ലാത്ത വ്യക്തിക്ക് രേഖകൾ നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേതുടർന്ന് അപേക്ഷകൻ ജില്ലാകോടതി ശിരസ്തദാർക്ക് അപ്പീൽ നൽകി.എന്നാൽ കോടതി ഫീസ് അടച്ച് പകർപ്പ് വാങ്ങാൻ അദ്ദേഹം പറഞ്ഞു.ഇതിനെതിരെ സോജൻ സംസ്ഥാന മുഖ്യവിവരാവാകാശ കമ്മീഷണർ വിൻസൻ എം.പോളിന് പരാതി നൽകി.തീർപ്പാക്കിയ കേസിന്റെ വിവരങ്ങൾ വിവരവകാശ നിയമ പരിധിയിൽ വരുമെന്നും പരിഗണനയിലുള്ള കേസുകളാണെങ്കിൽ നൽകേണ്ടതില്ലെന്നുമായിരുന്നു കമ്മീഷണർ പറഞ്ഞത്.
കേസിൽ കക്ഷിയല്ലെന്ന കാരണത്താൽ പകർപ്പ് നൽകാത്തത് തെറ്റാണെന്നും കോടതി ഫീസ് അടച്ചാൽ നൽകാമെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവരവകാശ കമ്മീഷണറുടെ ഉത്തരവ് കേരളത്തിലെ എല്ലാ കോടതികളേയും ബാധിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതിയെ സമീപിക്കാൻ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി തീരുമാനിച്ചു.ഇതിന് മുന്നോടിയായി മുൻസിഫ് കോടതി ഇൻഫർമേഷൻ ഓഫീസർ അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു.
കമ്മീഷണറുടെ ഉത്തരവ് നടപ്പായാൽ തീർപ്പാക്കിയ കേസുകളുടെയെല്ലാം രേഖകളും, രഹസ്യ-സ്വകാര്യ രേഖകളും പുറത്താകാൻ കാരണമാകുമെന്നും കോടതി ചൂണ്ടികാണിക്കുന്നു.