
ലോക്ക് ഡൗൺ കാലത്ത് കാഞ്ഞിരപ്പള്ളിയിലും ലൗജിഹാദ്..! ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മുസ്ലീം യുവാവ് വിവാഹം കഴിച്ചതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ; ഇരുപതിലധികം ആളുകൾ ഒത്തു കൂടിയിട്ടും നടപടിയെടുത്തില്ലെന്നും സോഷ്യൽ മീഡിയ
ക്രൈം ഡെസ്‌ക്
കോട്ടയം: ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കാ
ഞ്ഞിരപ്പള്ളിയിൽ പ്രണയം നടിച്ച് യുവാവ് തട്ടിക്കൊണ്ടു പോയതായി സാമൂഹ്യമാധ്യമങ്ങളിൽ ആരോപണം. പ്രണയത്തിനും വിവാഹത്തിനും പിന്നിൽ ലൗജിഹാദെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ മുസ്ലീം യുവാവ് ഇടക്കുന്നം സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
ഇരുവിഭാഗങ്ങൾ തമ്മിൽ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെച്ചൊല്ലി അതിരൂക്ഷമായ ചർച്ചയും വാഗ്വാദവും നടക്കുകയാണ്. ലൗ ജിഹാദാണ് എന്നു ക്രൈസ്തവ വിഭാഗങ്ങൾ ആരോപിക്കുമ്പോൾ, പ്രണയ വിവാഹത്തെ ലൗ ജിഹാദായി ചിത്രീകരിക്കുകയാണ് എന്ന വാദമാണ് മുസ്ലീം വിഭാഗം ഉയർത്തുന്നത്. മംഗലാപുരത്ത് പഠിച്ചിരുന്ന പെൺകുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഈ പെൺകുട്ടി ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് യുവാവും സുഹൃത്തുക്കളും എത്തി തട്ടിക്കൊണ്ടു പോന്നതെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷുദിനത്തിലാണ് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ യുവാവ്, ഇടക്കുന്നം സ്വദേശിയായ യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോന്നത്. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തുകയും ചെയ്തു.
എന്നാൽ, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കേണ്ടെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം പെൺകുട്ടിയ്ക്കു ആരുടെ കൂട് പോകാനാണ് താല്പര്യമെങ്കിൽ അവർക്കൊപ്പം വിടണമെന്നു മജിസ്‌ട്രേറ്റ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടയക്കുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും വിവാദം രൂക്ഷമായത്.
പെൺകുട്ടി യുവാവിനൊപ്പം പാറത്തോട്ടിലെ വീട്ടിൽ എത്തിയ ശേഷം, യുവാവിന്റെ സുഹൃത്തുക്കൾ ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്‌റ്റോടെയാണ് സംഭവം വിവാദമായി മാറിയത്. ഇരുപതോളം ആളുകൾ കൂടി നിൽക്കുന്ന ഫോട്ടോയാണ് ഫെയ്‌സ്ബുക്കിൽ ഇട്ടത്. ഇതിനെതിരെ ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗം രംഗത്ത് എത്തുകയും ചെയ്തു.
കുർബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്ത പൊലീസ് പക്ഷേ ഇത്തരത്തിൽ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് കൂടി നിന്ന ആളുകൾക്കെതിരെ കേസെടുക്കാൻ പോലും തയ്യാറായിട്ടില്ലെന്നതാണ് ആരോപണം.
എന്നാൽ, പെൺകുട്ടിയും യുവാവും തമ്മിൽ അഞ്ചു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നതായാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയമായിരുന്നു. എന്നാൽ, ഇതിൽ ലവ് ജിഹാദ് കണ്ടെത്താൻ സാധിച്ചിട്ടില്ല. പെൺകുട്ടിയ്ക്കു യുവാവുമായി പ്രണയമുണ്ടായിരുന്നത് നേരത്തെ വീട്ടുകാർ കണ്ടെത്തുകയും വിലക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രായപൂർത്തിയായതിനു ശേഷം പെൺകുട്ടി യുവാവിനൊപ്പം പോയത്. മറിച്ചുള്ള പ്രചാരണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടുമില്ല.
വിവാഹം കഴിഞ്ഞ ദിവസം യുവാവിന്റെ ബന്ധുക്കൾ മാത്രമാണ് വീട്ടിൽ ഒത്തു കൂടിയത്. ഈ വീട്ടിൽ തന്നെ ഏതാണ്ട് ഇരുപതോളം പേർ താമസിക്കുന്നുണ്ട്. ഇവർ മാത്രമാണ് ഫോട്ടോയ്ക്കായി ഒത്തു ചേർന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.