play-sharp-fill
പ്രവർത്തനരഹിതമായിട്ട് അഞ്ച് വർഷം; കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

പ്രവർത്തനരഹിതമായിട്ട് അഞ്ച് വർഷം; കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു.

സിവില്‍ സ്റ്റേഷന്‍റെ തുടക്കത്തില്‍ സ്ഥാപിച്ച ജനറേറ്ററാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് മിനി സിവില്‍ സ്റ്റേഷൻ വളപ്പിലെ ജനറേറ്റർ.

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് ജനറേറ്ററാണ് കേടായതോടെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സിവില്‍ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയ ആദ്യകാലങ്ങളില്‍ ജനറേറ്ററിന്‍റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നു. എന്നാല്‍ പിന്നീട് അഞ്ച് വർഷത്തോളമായി ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിപ്പാർട്ട്മെന്‍റുകള്‍ തമ്മിലുള്ള തർക്കമാണ് ജനറേറ്റർ യഥാസമയം നന്നാക്കാതിരിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഒപ്പം ഫണ്ടിന്‍റെ ലഭ്യതയും തടസമായി.

എന്തായാലും കേടായ ജനറേറ്റർ ഇരുമ്പ് വിലയ്ക്ക് പോലും നല്‍കാനാവാതെ തുരുമ്പെടുത്ത് നശിക്കുകയാണ് ഇപ്പോള്‍. നേരത്തെ ജനറേറ്റർ ഉണ്ടായിരുന്നപ്പോള്‍ വൈദ്യുതി നിലച്ചാല്‍ ലിഫ്റ്റ് അടക്കം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇത് കേടായതോടെ വൈദ്യുതി തടസം ഉണ്ടായാല്‍ ലിഫ്റ്റ് പ്രവർത്തിക്കാത്ത സ്ഥിതിയാണ്.

വൈദ്യുതി തടസം നേരിടാൻ ഓരോ ഓഫീസുകളും വെവ്വേറെ ഇൻവേർട്ടർ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തേ പ്രവർത്തനം നിലച്ച ഈ ജനറേറ്ററിന്‍റെ പരിസരമായിരുന്നു സിവില്‍ സ്റ്റേഷനിലെ മാലിന്യ നിക്ഷേപ കേന്ദ്രം. പുതിയ തഹസില്‍ദാർ എത്തിയതോടെ എന്തായാലും ഇതിന് മാറ്റമായിട്ടുണ്ട്. ഇവിടത്തെ മാലിന്യ നിക്ഷേപത്തിന് തടയിട്ടതിനൊപ്പം, ഇവിടെ കൂടിക്കിടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.