
എന്തിന് ഇങ്ങനെയൊരു കംഫർട്ട് സ്റ്റേഷൻ…? യാത്രക്കാർക്ക് മുന്നിൽ തുറക്കാതെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ; ദുരിതത്തിലായി ജനങ്ങൾ
കാഞ്ഞിരപ്പള്ളി: എന്തിന് ഇങ്ങനെയൊരു കംഫർട്ട് സ്റ്റേഷൻ?
എത്ര ചിന്തിച്ചിട്ടും കാഞ്ഞിരപ്പള്ളിക്കാർക്ക് പിടികിട്ടുന്നില്ല.
കാര്യം സാധിക്കാൻ എത്തുന്നവർക്ക്
മുൻപില്‍ എന്നും എപ്പോഴും അടഞ്ഞുതന്നെയാണ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ.
ക്ലോസ്ഡ് എന്ന ബോർഡ് വായിച്ച് ആ ‘ശങ്കയോടെ’ മടക്കം. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചത് യാത്രക്കാരെ വലയ്ക്കുകയാണ്. ഈ അടച്ചിടീല്‍ എത്രാംവട്ടമെന്ന് മാത്രം ചോദിക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കൂ. വേനല്‍ക്കാലത്ത് വെള്ളമില്ലാത്തതിനാല്‍ അടച്ചിടും. ഇപ്പോള്‍ മഴയില്‍ സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞു മലിനജലം സ്റ്റാൻഡിലൂടെ ഒഴുകിയതോടെ വീണ്ടും ക്ലോസ്ഡ്.
ഇനി മഴ മാറി വെയില്‍ തെളിയണം. അല്ലാതെ ഇത് തുറക്കില്ല. എല്ലാ വർഷവും ഇത് പതിവാണ്. സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ സദാസമയം നിരവധി യാത്രക്കാരുണ്ടാകും. ഇവർക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ മാറ്ര് മാർഗമില്ല.
ബസ് ജീവനക്കാരുടേയും സ്റ്റാൻഡിലെ വ്യാപാരികളുടേയും സ്ഥിതി ഇതുതന്നെ. കാഞ്ഞിരപ്പള്ളിയിലെത്തുന്ന യാത്രക്കാർക്ക് ശങ്ക തോന്നാതിരുന്നാല്‍ മഹാഭാഗ്യം. അത്രതന്നെ.
മഴക്കാലത്ത് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകാൻ സമീപത്തെ ഉറവയാണ് കാരണം. ഉറവയുള്ളതിനാല്‍ ഇവിടെ പുതിയ കുഴിയെടുക്കാനോ നിലവിലുള്ള ടാങ്ക് വലുതാക്കാനോ കഴിയില്ല. മഴക്കാലം കഴിയാതെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ സാധ്യതയില്ല.