നവീകരിച്ച കഞ്ഞിക്കുഴി തോട്ടിൽ വീണ്ടും മാലിന്യം തള്ളി: നവീകരിച്ച തോട് വീണ്ടും മാലിന്യ വാഹിനിയായി

നവീകരിച്ച കഞ്ഞിക്കുഴി തോട്ടിൽ വീണ്ടും മാലിന്യം തള്ളി: നവീകരിച്ച തോട് വീണ്ടും മാലിന്യ വാഹിനിയായി

സ്വന്തം ലേഖകൻ

കോട്ടയം: ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കിയ കഞ്ഞിക്കുഴി തോട് വീണ്ടും മാലിന്യവാഹിനിയാക്കി.
ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ 21 ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച തോടാണ് മലിനജലം ഒഴുക്കി വൃത്തിഹീനമാക്കിയിരിക്കുന്നത്. വിജയപുരം പഞ്ചായത്തും കോട്ടയം നഗരസഭയും അതിർത്തി പങ്കിടുന്ന കഞ്ഞിക്കുഴി പാലത്തിന് അടിയിൽ വർഷങ്ങളോളം മാലിന്യത്തിൽ നീറിയ തോട് മാസങ്ങൾക്ക് മുമ്പാണ് വൃത്തിയാക്കി നീരൊഴുക്ക് പുന:സ്ഥാപിച്ചത്. ജെ.സി.ബി ഉൾപ്പടെയുള്ള യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ചെളിയും മാലിന്യങ്ങളും എടുത്തുമാറ്റി ആഴം കൂട്ടി മൂന്ന് കിലോമീറ്ററോളം തോട് നവീകരിച്ച് വരികയായിരുന്നു. എന്നാൽ സമീപത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഓടകൾ വഴി തുറന്ന് വിട്ടിരിക്കുന്ന മലിന ജലത്തിലൂടെ തോട്ടിലെ വെള്ലം മലിനമായി വീണ്ടും കറുത്ത നിറത്തിൽ ഒഴുകുകയാണ്. മീനന്തലയാറിനെയും കൊടൂരാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോട് ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിലായിരുന്നു വീണ്ടെടുത്തത്. കഞ്ഞിക്കുഴി തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുകയും ഓടയിലെ വെള്ളം തുറന്ന് വിടുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിജയപുരം പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നാണ് ആക്ഷേപം. മാലിന്യം എറിയുന്നവരെ കുടുക്കാൻ പാലത്തിന് സമീപത്തായി സി.സി.ടി.വി സ്ഥാപിക്കാമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനവും നടപ്പിലായിട്ടില്ല. സി.സി.ടി.വി സ്ഥാപിച്ചാൽ തോടിന് പൂർണ സംരക്ഷണം ഏർപ്പെടുത്താൻ കഴിയുമെന്നാണ് ജനകീയ കൂട്ടായ്‌മയുടെ പ്രതീക്ഷ. വിജയപുരം പഞ്ചായത്ത് ഇടപെട്ട് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ലേൽ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് തോട് വൃത്തിയാക്കിയ സന്നദ്ധ സംഘടനകളും ജനകീയ കൂട്ടായ്‌മയും.
കഞ്ഞിക്കുഴി തോടിന്റെ നവീകരണം പൂർത്തിയാകുന്നതോടെ സായാഹ്ന സവാരിക്കായി സമീപത്ത് നടപ്പാത ഉൾപ്പടെ സ്ഥാപിക്കാനുള്ള സംവിധാനം ഒരുക്കാനിരുന്നതിന് ഇടക്കാണ് വീണ്ടും തോട് മാലിന്യം ഒഴുക്കി നശിപ്പിക്കാനുള്ള സാമുഹ്യവിരുദ്ധരുടെ ശ്രമം.