
വിദേശത്ത് നേഴ്സ് നാട്ടിൽ കഞ്ചാവിന്റെ ചില്ലറ വിതരണക്കാരൻ!! ചങ്ങനാശ്ശേരി എക്സൈസ്സിന്റെ നേതൃത്വത്തിൽ നടന്ന കഞ്ചാവ് വേട്ടയിൽ കുടുങ്ങിയത് തിരുവല്ലാ സ്വദേശിയായ നേഴ്സ്; കറുകച്ചാൽ ശാന്തിപുരം ഭാഗത്ത് ചെറിയ പൊതികളാക്കി വില്പന നടത്തിയ ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: കറുകച്ചാൽ ശാന്തിപുരത്ത് ചങ്ങനാശ്ശേരി എക്സൈസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലധികം കഞ്ചാവുമായി തിരുവല്ല കവിയൂർ സ്വദേശി മജേഷ് (43 വയസ്സ്) പിടിയിൽ
അതീവ സുരക്ഷിതമായി പൊതിഞ്ഞു കൊണ്ടുവന്ന നിലയിൽ 1.070 കിലോഗ്രാം കഞ്ചാവ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവും സംഘവും ചേർന്ന് പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് വിൽപ്പനയിൽ നിന്നും ലഭിച്ച 1300 രൂപയും ഒരു മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജില്ലയിൽ തിരുവല്ല കവിയൂർ ഭാഗത്ത് വടശ്ശേരി മലയിൽ മജേഷ് എബ്രഹാം ജോൺ ഗൾഫിൽ നഴ്സിംഗ് ജോലി നോക്കി വരികയായിരുന്നു. മൂന്നുവർഷം മുൻപ് ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഇയാൾ കഞ്ചാവ് ഉപയോഗത്തിലേക്കും തുടർന്ന് വില്പനയിലേക്കും തിരിയുകയായിരുന്നു.
കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളിൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നു. ശാന്തിപുരം ഭാഗത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് എത്തിച്ചിരുന്ന പ്രധാന ആളാണ് വലയിൽ ആയതെന്നും അയാൾ പല സ്ഥലങ്ങളിൽ ലഹരി മരുന്ന് കേസിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണെന്നും എക്സൈസ് സി ഐ പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവിനൊപ്പം പ്രിവന്റീവ് ഓഫീസർ എ. എസ് ഉണ്ണികൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസര്‍മാരായ ഷിജു, അഞ്ചിത്ത് രമേശ്, അമൽദേവ് ,വനിത സിവിൽ എക്സൈസ് ഓഫീസര്‍ സബിത എക്സൈസ് ഡ്രൈവർ റോഷി വർഗീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.