
സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിൽ നിന്ന് അഞ്ഞൂറ് കിലോയോളം കഞ്ചാവ് പിടിച്ചു
സ്വന്തം ലേഖിക
മറയൂർ: സൈറൺ മുഴക്കി വന്ന ആംബുലൻസിൽ നിന്ന് പിടിച്ചെടുത്തത് അഞ്ഞൂറ് കിലോയോളം കഞ്ചാവ്. അഞ്ഞൂറ് കിലോയോളം കഞ്ചാവ് സംസ്ഥാന അതിർത്തിയിൽ ഉദുമൽപേട്ടയ്ക്കു സമീപത്ത് വച്ചാണ് പിടികൂടിയത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് ഇന്നലെ വൈകിട്ട് ശങ്കലിനാടാൻ വീഥിയിൽ പിടിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ഉദുമൽപേട്ട സ്വദേശി കറുപ്പുസ്വാമിയെ (22) അറസ്റ്റ് ചെയ്തു. ആന്ധയിൽ നിന്ന് ടെംപോ ട്രാവലറിൽ തമിഴ്‌നാട് വഴി കൊണ്ടുവരികയായിരുന്ന കഞ്ചാവ്, ഇടയ്ക്ക് ആംബുലൻസിലേക്ക് മാറ്റി കയറ്റുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോയമ്പത്തൂർ നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ വിൻസെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കാർഡ്‌ബോർഡ് പെട്ടികളിലാക്കി കടത്താൻ ശ്രമിച്ച ലഹരിപദാർത്ഥം പിടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കഞ്ചാവുകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.