video
play-sharp-fill
കൊടിയ ദാരിദ്രത്തിൽ ജനിച്ച് ചാലക്കുടിയുടെ മുത്തായി മാറിയ കലാഭവൻ മണിയുടെ ജന്മവാർഷികം ഇന്ന്:

കൊടിയ ദാരിദ്രത്തിൽ ജനിച്ച് ചാലക്കുടിയുടെ മുത്തായി മാറിയ കലാഭവൻ മണിയുടെ ജന്മവാർഷികം ഇന്ന്:

സ്വന്തം ലേഖകൻ

കോട്ടയം: 1971 ജനുവരി ഒന്നിന് ചാലക്കുടി പുഴയുടെ ഓരത്തുള്ള ഒരു കുടിലിൽ ഒരു കുട്ടി ജനിച്ചു. പട്ടിണിയുടെ നടുവിൽ ജനിച്ച ഇവൻ പിന്നീട് ഒത്തിരി ആളുകളുടെ പട്ടിണി മാറ്റി. നാടൻ പാട്ടിനെ ജനപ്രിയമാക്കി.ഒടുവിൽ മലയാള സിനിമയുടെ നെറുകയിൽ എത്തി.
അണയാൻ പോകുന്നതിന് മുൻപ് ആളിക്കത്തുന്ന തിരിനാളം പോലെയായിരുന്നു കലാഭവൻ മണി എന്ന കലാകാരന്റെ ജീവിതം .
53 വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പുഴയോരത്തുള്ള കൊച്ചു കുടിലിലാണ് ജനനം. പ്രാരാബ്ധങ്ങളുടെ നടുവിൽ വളർന്ന ആ ബാലൻ എങ്ങനേയോ ചാലക്കുടി ചന്തയിലെ ഓട്ടോറിക്ഷ ഡ്രൈവർ ആയി മാറി. കൊടിയ ദാരിദ്ര്യത്തിനു നടുവിലും മനസ്സിൽ കലയുടെ നെയ്ത്തിരികൾ തെളിഞ്ഞു കത്തിയിരുന്ന ആ യുവാവ് പിന്നീട് കലാപ്രതിഭകളുടെ കേദാരമായ കലാഭവനിൽ എത്തി.

മിമിക്രിയും നാടൻപാട്ടുകളുമെല്ലാം തനതായ ശൈലിയിൽ അവതരിപ്പിച്ചിരുന്ന ആ ചെറുപ്പക്കാരനാണ് പിന്നീട് “കലാഭവൻ മണി “എന്ന പേരിൽ കേരളത്തിന്റെ പൊന്നോമനമകനായി മാറിയത്.
സ്വന്തം കഴിവുകളുടെ പിൻബലത്തിൽ മാത്രം മലയാളസിനിമ വേദിയിൽ എത്തുകയും കുന്നത്തെ കൊന്ന പോലെ പൂത്തുലയുകയും അവസാനം വിധിയുടെ നിയോഗംപോലെ കൊഴിഞ്ഞുപോവുകയും ചെയ്ത അനശ്വര കലാകാരൻ . കലാഭവൻ മണി .
വാക്കുകൾക്ക് വർണ്ണിക്കാൻ ആവാത്തവിധം ഈ കലാകാരന്റെ ജീവിതം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ ക്ഷണികമായിരുന്നു.
കേരളത്തിൽ നാടൻപാട്ടുകൾക്ക് ഇത്രയേറെ പ്രചാരം നേടിക്കൊടുത്ത ഒരു കലാകാരൻ മണിക്കു മുൻപോ പിമ്പോ ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം.
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരു തലനാരിഴയ്ക്ക് നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും “എന്ന ചിത്രത്തിലെ  അവിസ്മരണീയ പ്രകടനം പ്രേക്ഷകലക്ഷങ്ങളെ കണ്ണീരണിയിച്ചു കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചിത്രത്തിൽ മണി പാടി അഭിനയിച്ച “കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാരു പണ്ടൊരു ചെണ്ട ….” എന്ന ഗാനത്തിന്റെ ശൈലി അതുവരെ മലയാള സിനിമ കേൾക്കാത്തതായിരുന്നു..
പിന്നീട് കരുമാടിക്കുട്ടനിലെ “കൈകൊട്ടു പെണ്ണേ കൊട്ടു പെണ്ണേ ….”എന്ന ഗാനവും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതായി.
കലാഭവൻ മണി പാടുകയും അഭിനയിക്കുകയും ചെയ്ത വളരെ അധികം ഗാനങ്ങൾ
ഇന്നും കലാകേരളം വേദനയോടെ മാത്രമാണ് ഓർക്കുന്നത്.
“കാഴ്ച”യിലെ കുട്ടനാടൻ കായലിലെ കെട്ടു വള്ളം തുഴയുന്ന … (രചന കൈതപ്രം – സംഗീതം മോഹൻ സിതാര )
അനന്തഭദ്രത്തിലെ
“മാല്ലമ്മലല്ലൂയ്യാ ….” (രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം എം . ജി .രാധാകൃഷ്ണൻ )
കബഡി കബഡി യിലെ “മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ …..” (രചന ബാബു തൃപ്പൂണിത്തറ സംഗീതം നാദിർഷ ) തുടങ്ങിയവയെല്ലാം കലാഭവൻ മണിയുടെ ആലാപനത്താൽ മലയാളത്തിൽ തിളങ്ങിയ സിനിമ ഗാനങ്ങളാണ്…..

മണിയുടെ മാസ്റ്റർപീസുകളായ “ചാലക്കുടി ചന്തക്കുപോകുമ്പോൾ ചന്ദനചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ ….. ” ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ …..
” ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട …..” കണ്ണിമാങ്ങ പ്രായത്തിൽ
നിന്നെ ഞാൻ കണ്ടപ്പോൾ …” “ഉമ്പായി കുച്ചാണ്ട് പ്രാണൻ കത്തണമ്മാ …
തുടങ്ങിയ ഒട്ടേറെ നാടൻപാട്ടുകൾ ഒരേസമയം പാട്ടിന്റേയും താളത്തിന്റേയും നൃത്തച്ചുവടുകളുടേയും മാസ്മരിക ലോകത്തേക്ക് ആസ്വാദകരെ എത്തിച്ചു എന്നു പറഞ്ഞാൽ അതൊട്ടും അതിശോയക്തി ആയിരുന്നില്ല….. 2016 മാർച്ച് 6 ന്
കലാഭവൻ മണി ഈ ലോകത്തോട് യാത്ര പറഞ്ഞു എന്ന വാർത്ത ഞെട്ടലോടുകൂടിയാണ് കേരളം കേട്ടത്…

നാടൻ പാട്ടിന്റെ മടിശ്ശീല കിലുക്കിയ നാട്ടിൻപുറത്തിന്റെ നന്മമരമായ മണിയുടെ ജന്മവാർഷിക ദിനമാണിന്ന്….
മലയാളികളുടെ മനസ്സിൽ മണിക്കുയിലിന്റെ മണിനാദം പോലെ മണിയുടെ ഗാനങ്ങൾ എന്നും അലയടിക്കും.