മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് ഏഴ് വര്‍ഷം; ഓര്‍മയിൽ ഒളിമങ്ങാതെ കലാഭവന്‍ മണി
സ്വന്തം ലേഖകൻ
ചാലക്കുടി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളിൽ ഒരാളായ കലാഭവൻ മണി അരങ്ങൊഴിഞ്ഞിട്ട് 7 വർഷം. 2016 മാർച്ച് ആറിനായിരുന്നു കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം.
ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും അഭ്രപാളിയിലെ പകര്‍ന്നാട്ടങ്ങളിലേക്കെത്തിയ കലാഭവന്‍ മണി നാടന്‍ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. കൈവച്ച എല്ലാ മേഖലകളേയും അദ്ദേഹം ജനകീയമാക്കി. ലോകത്തെവിടെ ചെന്നാലും മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായ പേരുകാരന്‍. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വലിയ ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ഏഴാണ്ട് പൂര്‍ത്തിയാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം.കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്.സ്‌കുള്‍ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു.
പഠനവൈകല്യത്തെത്തുടര്‍ന്ന് പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും പിന്നീട് ഓട്ടോഡ്രൈവറായും അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. 1995-ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി വെള്ളിത്തിരയിലേക്കെത്തുന്നത്.
1999ല്‍ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് മണിയെ അര്‍ഹനാക്കിയത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയമാണ്. രാമു എന്ന അന്ധ കഥാപാത്രത്തെ ഏച്ചുകെട്ടില്ലാത്ത അഭിനയത്തിലൂടെ മണി മനോഹരമാക്കി. കരിമാടിക്കുട്ടന്‍, കന്മഷി, വാല്‍ക്കണ്ണാടി തുടങ്ങി മലയാളിയുടെ മനസ്സില്‍ ഒളിമങ്ങാത്ത നിരവധി നായക കഥാപാത്രങ്ങള്‍ക്കും മണി ജന്മം നല്‍കി.
ചേനുത്ത് നാട്ടിലെ മണിക്കൂടാരത്തിന്റെ തെക്കേപുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മണിയുടെ സ്മൃതി കൂടീരത്തില്‍ പൂഷ്പ്പാര്‍ച്ചന നടത്താന്‍ ഇപ്പോഴും നിരവധിപേര്‍ എത്താറുണ്ട്. കലാഭവന്‍ മണിയെന്ന മനുഷ്യനെ നെഞ്ചേറ്റുന്നവര്‍ക്ക് അദ്ദേഹം ഇപ്പോഴും ജീവിക്കുകയാണ് ചെയ്തു തീര്‍ത്ത കഥാപാത്രങ്ങളിലൂടെ …ബാക്കിയാക്കി പോയ കഥാപാത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയുമെത്തുമെന്ന പ്രതീക്ഷകളിലൂടെ…