കാക്കനാട് മയക്കുമരുന്ന് കേസ്; പ്രതികള്‍ക്കു ഇറാൻ ബന്ധമെന്ന് സൂചന; പ്രതികൾക്ക് മയക്കുമരുന്നു കൈമാറിയ സംഘാംഗങ്ങളുടെ പേരും ഫോട്ടോയും വിലാസവുമടക്കം കണ്ടെത്തി
കൊച്ചി: കാക്കനാട് എം.ഡി.എം.എ മയക്കുമരുന്നു കേസില്‍ പ്രതികള്‍ക്കു ഇറാൻ ബന്ധമെന്ന് സൂചന.
എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചെന്നൈയിൽ നടത്തിയ തെരച്ചിലിൽ പ്രതികൾക്ക് മയക്കുമരുന്നു
കൈമാറിയ സംഘാംഗങ്ങളുടെ
പേരും ഫോട്ടോയും വിലാസവുമടക്കം കണ്ടെത്തി.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് 21,000 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസിൽ ചെന്നൈയില്‍ നിന്നു തമിഴ് ദമ്പതിമാരെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ചെന്നൈയിലെ മയക്കുമരുന്നു റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഇവര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയ എം.ഡി.എം.എ. വാങ്ങിയത് ഈ റാക്കറ്റുവഴിയാണെന്ന സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും.
വിജയവാഡയില്‍ ടാല്‍കം പൗഡര്‍ കമ്പനി നടത്തുന്ന ഇവര്‍ക്കു ശ്രീലങ്കന്‍ ബിസിനസ് ഇടപാടുകളുണ്ട്. ടാല്‍കം പൗഡര്‍ നിര്‍മാണത്തിന്റെ മറവില്‍ സിന്തറ്റിക് ലഹരി നിര്‍മാണവും നടക്കുന്നതായി സംശയിക്കുന്നു.
കാക്കനാട് കേസിന്റെ വിശദാംശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) എക്‌സൈസില്‍ നിന്നും വാങ്ങി. 300 കോടിയുടെ വിഴിഞ്ഞം ലഹരി കടത്തുകേസുമായി ബന്ധിപ്പിച്ചാണ് എന്‍.ഐ.എ അന്വേഷണം. മുന്ദ്ര ലഹരിക്കടത്തു കേസും എന്‍.ഐ.എ ഏറ്റെടുക്കുമെന്നാണു വിവരം. രണ്ടിടത്തും ഇറാനിയന്‍ കപ്പല്‍ വഴിയാണ് ചരക്ക് എത്തിയത്.
മുന്ദ്രയില്‍ നിന്നു കടല്‍മാര്‍ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു പൂഴ്‌ത്തിവയ്‌ക്കാനും പിന്നീടു ശ്രീലങ്ക ഉള്‍പ്പെടെയുള്ള വിദേശങ്ങളിലേക്കു കടത്താനുമാണ് ലക്ഷ്യമിട്ടതെന്നാണ് ഡി.ആര്‍.ഐയുടെ നിഗമനം. ഒപ്പം ആഭ്യന്തര വിപണിയും കള്ളക്കടത്തുകാര്‍ ലക്ഷ്യമിടുന്നു.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു സംഘങ്ങള്‍ക്കു സര്‍ക്കാര്‍ വിരുദ്ധ ഗ്രൂപ്പുകളുടെയും തീവ്രവാദ സംഘടനകളുടെയും സഹായം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആയുധങ്ങള്‍ വാങ്ങാനും തീവ്രവാദ പ്രവര്‍ത്തനത്തിനും മയക്കുമരുന്ന് കടത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നു.
കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി ഫവാസിനു ശ്രീലങ്കയില്‍ നിന്നു നിരവധി ഫോണ്‍കോളുകള്‍ വന്നതായി വ്യക്‌തമായി. സുഹൃത്തുക്കളാണു വിളിച്ചതെന്നാണു ഫവാസിന്റെ മൊഴി. എന്നാല്‍, അവരുടെ ഇവിടുത്തെ ബന്ധുക്കളുടെ വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല.
ബന്ധുക്കളെ കണ്ടെത്തിയാല്‍ ശ്രീലങ്കയില്‍ നിന്നുള്ള ഫോണ്‍വിളികളുടെ യാഥാര്‍ഥ്യം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.