യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; ഒപ്പം താമസിച്ചിരുന്ന യുവാവിനായി അന്വേഷണം ശക്തമാക്കി ; മന്ത്രവാദവും സംശയിക്കുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനായി അന്വേഷണം ശക്തമാക്കി.
ഇയാള്‍ നാട്ടില്‍തന്നെ തങ്ങാനുള്ള സാധ്യതയയാണ് പോലീസ് കാണുന്നത്. ഇയാളുടെ ഫോണ്‍ ടവറുകള്‍ ഉള്‍പ്പടെ പരിശോധിക്കുകയാണ്. ചിലരെ സംശയം തോന്നിയതിനെ തുടർന്ന് വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അവരെ വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വീട്ടില്‍ ഒരാള്‍ വന്നു പോകാറുണ്ടായിരുന്നുവെന്നും ഇയാള്‍ പൂജാകർമിയാണെന്നുമുള്ള സൂചന പോലീസ് നല്‍കുന്നുണ്ട്. അതിനാല്‍തന്നെ മന്ത്രവാദ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നു.
കാട്ടാക്കട മുതിയാവിളയില്‍ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് ചേർന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മർദനത്തിന്‍റെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഈ വീട്ടില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാരും പഞ്ചായത്ത് അംഗവും നല്‍കിയ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടും.
സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പില്‍ മെഡല്‍ ജേതാവായിരുന്നു മായ. പത്താംക്ലാസ് പഠനത്തിനു ശേഷം ബോക്സിംഗ് ഉപേക്ഷിച്ചു. സിവില്‍ ഡിഫൻസ് അംഗമായ മായ ഈ തെരഞ്ഞെടുപ്പില്‍ വോളണ്ടയറായി സേവനം അനുഷ്ഠിച്ചിരുന്നു. ആതുര സേവനത്തിലും മികച്ച സേവനമാണ് മായ നടത്തി വന്നിരുന്നത്. ഫയർഫോഴ്സിന്‍റെ വോളണ്ടറിയർ കൂടിയായിരുന്നു ഇവർ.
എട്ടു വർഷം മുൻപ് ആദ്യ ഭർത്താവ് മരിച്ചതോടെ മക്കളുമായി ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഇതിനിടയിലാണ് മായയുടെ ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവറായ രഞ്ജിത്ത് കടന്നുവന്നത്. രണ്ടു കുട്ടികളാണ് ആദ്യ വിവാഹത്തില്‍ മായയ്ക്ക് ഉണ്ടായിരുന്നത്.
ഇവർ കുറെക്കാലം കുട്ടികളോടൊപ്പം വട്ടിയൂർക്കാവില്‍ താമസിച്ചിരുന്നു. പിന്നീട് കുട്ടികളെ മായയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു മുതല്‍ ഇവർ കാട്ടാക്കട മുതിയാവിളയിലേക്ക് താമസം മാറ്റി. കഴിഞ്ഞ എട്ടു മാസമായി മുതിയാവിളയില്‍ വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ബന്ധുക്കളും മായയുടെ സുഹൃത്തിനെതിരേ ആരോപണവുമായി രംഗത്തെത്തി.
അജ്ഞാതനായ ഒരാള്‍ മായ താമസിച്ച വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് നാട്ടുകാർ പോലീസിന് മൊഴിയും നല്‍കിയിരുന്നു. പേരൂർക്കട ഭാഗത്തുള്ള ആളാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ഇതുവരെയും മറ്റാരെയും പ്രതി ചേർത്തിട്ടില്ല.