
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; ഓർമയായത്, അരങ്ങേറ്റ ചിത്രമായ തേന്മാവിൻ കൊമ്പത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ബഹുമുഖപ്രതിഭ
സ്വന്തം ലേഖകൻ
ചെന്നൈ : സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു.
ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങിയ കെ വി ആനന്ദ് തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശനൊപ്പം പിന്നീട് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. മുതൽവൻ,ബോയ്സ്, ശിവാജി തുടങ്ങി വമ്പൻ ഹിറ്റുകൾക്കൊപ്പം തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.
കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി. സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൻ ആണ് രണ്ടാമത്തെ ചിത്രം. ജീവയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രം ‘കോ’യും ഹിറ്റായിരുന്നു. മാട്രാൻ, അനേകൻ, കാവൻ എന്നിവയാണ് സംവിധാനം ചെയ്ത മറ്റുസിനിമകൾ. മോഹൻലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാൻ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.