കെ സുരേന്ദ്രനെ അറിയില്ല: ഓൺലൈൻ പെൺവാണിഭ കേസിൽ രശ്മിക്കെതിരെ മൊഴി കൊടുത്തതിന്റെ പക; രഹ്ന ഫാത്തിമ
സ്വന്തം ലേഖകൻ
കൊച്ചി : ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായരുടെ ആരോപണത്തിനെതിരെ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു രഹ്ന ശബരിമല സന്ദർശനത്തിനെത്തിയതെന്നുമായിരുന്നു രശ്മി പറഞ്ഞത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോസ്റ്റ് ചെയ്തിരുന്നു.
2 വർഷം മുൻപ് കെ.സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് അക്‌സപ്റ്റ് ചെയ്തു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്. സെക്‌സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ നിർമിക്കാനിരുന്ന സിനിമയ്ക്കു വേണ്ടിവന്ന സാമ്പത്തിക ബാധ്യത തീർക്കാനാണ് അന്നു താൻ സെക്‌സ് റാക്കറ്റിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പൊലീസിനോടു പറഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു ശരിയല്ലെന്നും സിനിമയ്ക്കു വേണ്ട ചെലവുകൾ താനാണു വഹിച്ചതെന്നും ഇതുവഴി അവർക്കു യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നും മനോജും രഹ്നയും പൊലീസിനു മൊഴി നൽകിയിരുന്നു. രശ്മിയും ഭർത്താവുമായുള്ള പരിചയം ശരിയല്ലെന്നു ബോധ്യമായതിനെ തുടർന്നു അത് അവസാനിപ്പിച്ചതായി മനോജും രഹ്നയും മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോകൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണെന്നും സംശയമുള്ളവർക്കു പരിശോധിക്കാമെന്നും രഹ്ന പറയുന്നു.