ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും; ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടത് ജയിലിൽ; തനിക്കുവേണ്ടി വഴിമാറുന്ന ശ്രീധരൻ പിള്ളയെ പ്രശംസിച്ച് സുരേന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയിൽ മോചനത്തിന് മുൻപായി ദേശീയ നേതൃത്വം ഇടപെട്ട് ജയിലിൽ ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടതായി സൂചന. സുരേന്ദ്രന്റെ ജയിൽ മോചനത്തെ തുടർന്ന് പ്രത്യക്ഷമായി പുറത്തുവന്ന സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് പരിഹരിച്ച് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളാണ് ജയിലിൽ നടന്നത്. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജയിലിൽ സുരേന്ദ്രനെ സന്ദർശിച്ച പ്രഹ്ലാദ് ജോഷി എം പിയുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പ് ഫോർമുല തയാറായത്. പി എസ് ശ്രീധരൻപിള്ളയ്ക്ക് ദേശീയ നേതൃത്വത്തിൽ അർഹമായ പരിഗണന നൽകി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ആലോചന. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ജയിൽ മോചിതനായ ശേഷം പി എസ് ശ്രീധരൻ പിള്ളയെ പ്രശംസിച്ച് സുരേന്ദ്രൻ രംഗത്ത് വന്നത്. തന്റെ അറസ്റ്റിലും ജയിൽ വാസത്തിലും സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗം കൈക്കൊണ്ട നിലപാടുകളിൽ സുരേന്ദ്രനും കൂട്ടർക്കും കടുത്ത അമർഷമുണ്ടായിരുന്നു. ഇക്കാര്യം തന്നെ സന്ദർശിച്ച ബി ജെ പി നേതാക്കളോടും സുരേന്ദ്രൻ തുറന്നുപറഞ്ഞിരുന്നു. പുറത്തിറങ്ങിയാൽ ഇക്കാര്യത്തിലുള്ള തന്റെ അമർഷവും പ്രതിഷേധവും പ്രവർത്തകരെ ബോധ്യപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതേ തുടർന്ന് സുരേന്ദ്രൻ പക്ഷം ദേശീയ നേതൃത്വത്തെ വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും ജയിലിൽ സുരേന്ദ്രനുമായും കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയത്. ഗ്രൂപ്പ് പോരിൽ ശബരിമല വിഷയത്തോടുകൂടി പാർട്ടിക്ക് കിട്ടിയിരിക്കുന്ന മേൽക്കോയ്മ കളഞ്ഞുകുളിക്കരുതെന്ന് സുരേന്ദ്രൻറെ ജയിൽ വാസം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തണമേന്നുമായിരുന്നു അമിത് ഷായുടെ നിർദ്ദേശം. സുരേന്ദ്രൻ ജയിലിൽ പോയത് പൂർണ്ണമായും പാർട്ടിക്ക് വേണ്ടിയാണ്. അതിനാൽ തന്നെ അതിനർഹമായ പരിഗണന അദ്ദേഹത്തിന് നൽകണമെന്നായിരുന്നു അമിത് ഷായുടെ നിർദ്ദേശം.
മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെയ്ക്ക് അമിത് ഷായുടെ നോമിനി കെ സുരേന്ദ്രനായിരുന്നു. എന്നാൽ മുൻ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രാജി ഭീഷണി മുഴക്കിയതോടെയാണ് ആ നീക്കം ഉപേക്ഷിച്ച് പി എസ് ശ്രീധരൻപിള്ളയെ വീണ്ടും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാൽ വീണുകിട്ടിയ അവസരങ്ങൾ പോലും മുതലാക്കാൻ കഴിഞ്ഞില്ലെന്നത് ശ്രീധരൻ പിള്ളയ്ക്ക് തിരിച്ചടിയായി. ശബരിമല വിഷയത്തിലൂടെ മികച്ച അവസരം ലഭിച്ചിട്ടും അതുപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മാത്രമല്ല, ശ്രീധരൻ പിള്ളയുടെ പല പ്രസ്താവനകളിലൂടെയും പാർട്ടി ജനമധ്യത്തിൽ അപഹാസ്യരാകുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യമാണ് കെ സുരേന്ദ്രനെ നേതൃത്വത്തിലെത്തിക്കാൻ ഏറ്റവും ഉചിതമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യം ശ്രീധരൻ പിള്ളയെയും മറ്റ് നേതാക്കളെയും പറഞ്ഞു ബോധിപ്പിക്കാനാണ് ദേശീയ നേതാക്കളുടെ സംഘത്തെ കേരളത്തിലേക്ക് എത്തിച്ചത്. ജയിൽ മോചിതനായി പുറത്തിറങ്ങിയ സുരേന്ദ്രൻ പ്രതികരണത്തിലും ഒത്തുതീർപ്പ് ധാരണയുടെ സൂചന പ്രകടമായിരുന്നു. തനിക്കായി വഴിമാറുന്ന പ്രസിഡന്റിനെ പ്രശംസിക്കാൻ അദ്ദേഹം പല അവസരങ്ങൾ ഉപയോഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group