ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി സ്വാഗതാർഹം, പക്ഷേ ആചാരങ്ങൾ പാലിക്കണം; യുഡിഎഫിന്റെ നിലപാടിൽ അന്തം വിട്ട് അണികൾ: മാണിയും രമേശും ആവർ്ത്തിച്ചത് വ്യക്തതയില്ലാത്ത നിലപാട്

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി സ്വാഗതാർഹം, പക്ഷേ ആചാരങ്ങൾ പാലിക്കണം; യുഡിഎഫിന്റെ നിലപാടിൽ അന്തം വിട്ട് അണികൾ: മാണിയും രമേശും ആവർ്ത്തിച്ചത് വ്യക്തതയില്ലാത്ത നിലപാട്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിയും സിപിഎമ്മും ഇരുധ്രുവങ്ങളിൽ നേർക്കുനേർ നിന്ന് പോരടിക്കുമ്പോൾ വ്യക്തമായ നിലപാടില്ലാതെ കോൺഗ്രസും യുഡിഎഫും. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്നു യുഡിഎഫ് നേതാക്കളായ കെ.എം മാണിയും, രമേശ് ചെന്നിത്തലയും ആവർത്തിക്കുന്നതിനൊപ്പം തന്നെ, ആചാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ശബരമല സ്ത്രീ പ്രവേശനത്തെ എതിർക്കുകയാണോ അനുകൂലിക്കുകയാണോ യുഡിഎഫ് ചെയ്യുന്നതെന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് അണികൾ.
ശനിയാഴ്ച വൈകിട്ട് കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കട്ടയ്ക്കു കൂടെ നിൽക്കുന്ന അണികളെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയുണ്ടായത്. തല മുതിർന്ന യുഡിഎഫ് നേതാവും കേരള കോൺഗ്രസ് നേതാവുമായ കെ.എം മാണിയാണ് ഇത്തരത്തിലുള്ള പ്രസ്താവനയ്ക്ക് തുടക്കമിട്ടത്. ശബരിമലയെ കലാപ ഭൂമി അക്കാൻ സർക്കാർ കൂട്ട് നിൽക്കരുതെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ കെ.എം മാണി, പ്രസംഗത്തിനിടയിലാണ് യുഡിഎഫിന്റെ നയം ഏതെന്ന് വ്യക്തമാക്കാതെ പ്രസംഗിച്ചത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധി തത്വത്തിൽ സ്വാഗതാർഹമാണ്. പക്ഷേ ഇത് ആചാര അനുഷ്ടാനങ്ങൾ പാലിച്ചിട്ടാണോ എന്ന് പരിശോധിക്കണം. വിധി പ്രഖ്യാപിക്കും മുൻപ് ആചാരാനുഷ്ടാനങ്ങൾ എന്താണെന്ന് സുപ്രീം കോടതി പരിഗണിക്കേണ്ടതായിരുന്നു.
അചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഇടതു മുന്നണി സർക്കാർ ശ്രദ്ധിച്ചില്ല. ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കേണ്ടത്
ഭരണഘടനാ പരമായ ബാധ്യതയാണ് സർക്കാർ അത് പാലിക്കണം.
ആചാരാനുഷ്ടാനങ്ങൾ തകർക്കാൻ ശ്രമിച്ചത് എൽഡിഎഫ് സർക്കാരാണ് . ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിക്കാൻ സുപ്രീം കോടതിയിൽ യു ഡി എഫ് നൽകിയ സത്യവാങ്ങ് മൂലം തിരുത്തിയത് എൽഡിഎഫാണ്. ശബരിമല വിഷയത്തിൽ
റിവ്യു പെറ്റിഷൻ നൽകാൻ സർക്കാർ നടപടി എടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രസംഗിച്ച രമേശ് ചെന്നിത്തലയും, ഇതേ രീതിയിൽ തന്നെയായിരുന്നു പ്രസംഗിച്ചത്. ശബരിമലയെ കലാപ ഭൂമി ആകാൻ സർക്കാരും ആർ എസ് എസും ബി ജെ പിയും ശ്രമിക്കുകയാണെന്ന് ആരോപണമാണ് രമേശ് ചെന്നിത്തല ആദ്യം ഉയർത്തിയത്. കെ.എം മാണിയുടെ വാക്കുകളെ ശരിവച്ച രമേശ് ചെന്നിത്തല സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് പറയുകയും, എന്നാൽ ആചാരങ്ങൾ പാലിക്കണമെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇവർവർഗീയ വിഷം ചീറ്റുന്ന രണ ഭൂമിയാക്കി ശബരിമലയെ മാറ്റുന്നു. ശബരിമലയിലെ ആചാരങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശബരിമല മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും പര്യായമാണ്. അമിത് ഷാ വർഗീയതയെ ആളിക്കത്തിക്കുന്നു. കേരളത്തിന്റെ മതേതര മനസിനെ തകർക്കാൻ പിണറായിയും അമിത് ഷായും ശ്രമിക്കുന്നു. കോടതി വിധിയുടെ പേരിൽ വിശ്വാസത്തെ ചവിട്ടി മെതിക്കാൻ ശ്രമിക്കുന്നു. നാമജപ ഘോഷയാത്ര നടത്തുന്ന സ്ത്രീകൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നു. നാമജപ ഘോഷയാത്ര നടത്തുന്നത് തെറ്റാണോ? ക്രിമിനലുകളെ അറസ്റ്റ ചെയ്യാൻ മടിക്കുന്ന പൊലീസ് , ജനാധിപത്യ അവകാശങ്ങളെ ലംഘിക്കുന്നു. മുഖ്യമന്ത്രിയുടെ ശരീരത്തിൽ സ്റ്റാലിന്റെ പ്രേതം. പിണറിയയുടെ പ്രസംഗം കേട്ടാൽ ചീഫ് ജസ്റ്റിസിന്റെ കസേരയിൽ ഇരുത്താൻ തോന്നും. ഓരോ മതത്തിനും ഓരോ അചാരമുണ്ടെന്നും പറഞ്ഞാണ് രമേശ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ചത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തത് എന്തിനെന്നു മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി.സെക്രട്ടറിയുമായ ഉമ്മൻചാണ്ടി. ശബരിമലയിൽ പോകുന്ന വിശ്വാസികളെ വരെ അറസ്റ്റു ചെയ്യുന്ന സമീപനമാണു പിണറായി സർക്കാരിന്റേത്. എന്തു വില കൊടുത്തും യു.ഡി.എഫ്. ഇതിനെ ചെറുക്കും. നാട്ടിൽ കലാപമുണ്ടാക്കാനാണു സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിനും യുഡിഎഫിനും നിലപാടിൽ വ്യക്തതയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാക്കുകൾ. ഇത് യഥാർത്ഥത്തിൽ ബിജെപിയ്‌ക്കേ ഗുണം ചെയ്യൂ എന്ന വാദമാണ് ഉയരുന്നത്.