play-sharp-fill
ഡ്യൂറണ്ട് കപ്പിൽ മുത്തമിട്ട ഗോകുലത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് കോട്ടയത്തിന്റെ ഉരുക്ക് കരുത്ത്; ചരിത്രം തിരുത്തിയ ഗോകുലത്തിനൊപ്പം ചരിത്രത്തിലേയ്ക്ക് പന്ത് തട്ടി മള്ളൂശേരിക്കാരൻ ജസ്റ്റിനും; ഡ്രൂറന്റ് കപ്പിലെ ഗോകുലത്തിന്റെ വിജയം കോട്ടയത്തിന്റെ ആഘോഷമാകുന്നു

ഡ്യൂറണ്ട് കപ്പിൽ മുത്തമിട്ട ഗോകുലത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് കോട്ടയത്തിന്റെ ഉരുക്ക് കരുത്ത്; ചരിത്രം തിരുത്തിയ ഗോകുലത്തിനൊപ്പം ചരിത്രത്തിലേയ്ക്ക് പന്ത് തട്ടി മള്ളൂശേരിക്കാരൻ ജസ്റ്റിനും; ഡ്രൂറന്റ് കപ്പിലെ ഗോകുലത്തിന്റെ വിജയം കോട്ടയത്തിന്റെ ആഘോഷമാകുന്നു

സ്‌പോട്‌സ് ഡെസ്‌ക്

കോട്ടയം: രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഡ്യൂറണ്ട് കപ്പിൽ മലയാളി ചുംബനം പതിഞ്ഞപ്പോൾ, ചരിത്രത്തിലേയ്ക്ക് പ്രതിരോധക്കോട്ടകെട്ടി നിന്നത് കോട്ടയത്തിന്റെ ഉരുക്ക് കരുത്ത്. ഗോകുലം കേരളയുടെ സെന്റർ ഡിഫൻസിനെ വിള്ളലില്ലാതെ കാത്തത് മള്ളൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജുകുട്ടിയുടെ മകൻ ജസ്റ്റിൻ ജോർജിന്റെ കരുത്തുറ്റ കാലുകളായിരുന്നു. മോഹൻ ബഗാന്റെ മോഹങ്ങൾ തച്ചുടച്ച് എഫ്‌സി കൊച്ചിന് ശേഷം മലയാളത്തിന്റെ മണ്ണിലേയ്ക്ക് ഡ്യൂറണ്ട് കപ്പ് എത്തുമ്പോൾ കോട്ടയത്തിന് ഇരട്ടി സന്തോഷമാണ്. ഒരു വർഷം മുൻപ് സന്തോഷ് ട്രോഫിയുമായി മള്ളൂശേരിയുടെ മണ്ണിലെത്തിയ ജസ്റ്റിൻ ഇക്കുറി എത്തുന്നത് ഡ്യൂറണ്ട് കപ്പിന്റെ സന്തോഷവുമായാണ്.

കോട്ടയം ബസേലിയസ് കോളജിലെ മൂന്നാം വർഷ പൊളിറ്റിക്‌സ് വിദ്യാർത്ഥിയായ ജസ്റ്റിൻ മുന്നു വർഷമായി ഗോകുലത്തിന്റെ പ്രതിരോധത്തിലെ ഇളക്കമില്ലാത്ത കണ്ണിയാണ്. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളം കപ്പു നേടുമ്പോഴും പ്രതിരോധ നിരയിൽ ജസ്റ്റിനുണ്ടായിരുന്നു. ഡ്യൂറണ്ട് കപ്പിലെ എല്ലാ മത്സരത്തിലും ശക്തനായ പ്രതിരോധകാവൽഭടനായി ഗോകുലത്തിനു വേണ്ടി ഈ മള്ളൂശേരിക്കാരൻ ഉണ്ടായിരുന്നു. ഗോളടിച്ചു കൂട്ടിയ ഗോകുലത്തിന്റെ മുന്നേറ്റ നിരയ്ക്ക് കരുത്ത് വർധിപ്പിക്കാൻ അടിത്തറ ഉറപ്പിച്ച് കൂട്ടിയാണ് ജസ്റ്റിനും കൂട്ടരും കാവൽ നിന്നത്. ഈ കാവൽക്കാർ നൽകിയ കരുത്തിലാണ് ഹാട്രിക്കും കടന്ന് മുന്നേറ്റ നിര എല്ലാ മത്സരങ്ങളിലും വിജയം കൊയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഷൂട്ട് ഔട്ടിലേയ്ക്ക് നീണ്ട സെമി ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പിച്ചതിനു പിന്നിൽ ജസ്റ്റിന്റെ കാലുകളുമുണ്ടായിരുന്നു. നിർണ്ണായകമായ കിക്ക് എടുക്കാൻ കോച്ച് ജസ്റ്റിനിൽ അർപ്പിച്ച വിശ്വാസം അൽപം പോലും തെറ്റിയില്ല. കൃത്യമായി പന്ത് വലയിൽ എത്തി. ഗോകുലം ഫൈനലിലും…!
ഫൈലിൽ ആദ്യ ഇലവനിൽ മുതൽ ജസ്റ്റിനുണ്ടായിരുന്നു. നിർണ്ണായകമായ നീക്കങ്ങളിലൂടെ മോഹൻ ബഗാന്റെ മോഹങ്ങളെല്ലാം പെനാലിറ്റി ബോക്‌സിനു പുറത്ത് വച്ച് തന്നെ നുള്ളിക്കളയുകയായിരുന്നു ഈ സെൻട്രൽ ഡിഫൻഡർ. അൽപം ആവേശം കാട്ടിയതിന് ചെറിയ പിഴയും കിട്ടി.  ഒരു മഞ്ഞക്കാർഡിൽ മാത്രമാണ് നടപടി ഒതുങ്ങിയത്.86-ആം മിനിറ്റിൽ രണ്ടാം മഞ്ഞ്ക്കാർഡും കണ്ട് പുറത്ത് പോയെങ്കിലും വിജയത്തിന്റെ സന്തോഷ മധുരം ഗോകുലത്തിനൊപ്പം ജസ്റ്റിറ്റിനും ആഘോഷിച്ചു. ഈ മഞ്ഞക്കാർഡുകൾക്ക് കണ്ണു മഞ്ഞളിക്കുന്ന കിരീടം കൊണ്ടു തന്നെ ജസ്റ്റിനും കൂട്ടരും പ്രായശ്ഛിത്തം ചെയ്തിരിക്കുകയാണ്.


ഡ്യൂറണ്ടിൽ മിന്നിത്തിളങ്ങിയ കരുത്തുമായി കോട്ടയത്ത് എത്തുമ്പോൾ ജസ്റ്റിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മള്ളൂശേരിയിലെ നാട്ടുകാർ. 2012 ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വീടിനു സമീപത്തെ പാടത്ത് പന്ത് തട്ടിത്തുടങ്ങിയ തങ്ങളുടെ പ്രിയ ജസ്റ്റിൻ സാൾട്ട് ലേക്കിൽ പ്രതിരോധത്തിന്റെ നെടുംതൂണായി നിന്ന് കപ്പുമായി മടങ്ങിയെത്തുന്നതിൽ അഭിമാനത്തിലാണ് നാടും നാട്ടുകാരും..!