വീണ്ടുമൊരു കോട്ടയം ഗോളിൽ ഗോകുലം..! ജസ്റ്റിന്റെ ഗോളിൽ വിജയം നേടി ഗോകുലം; ഐ ലീഗിൽ കോട്ടയം ചുങ്കത്ത് ഇത് ആഘോഷക്കാലം
സ്‌പോട്‌സ് ഡെസ്‌ക്
കോട്ടയം: ഐ ലീഗിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടുമൊരു കോട്ടയം ഗോൾ..! ജസ്റ്റിന്റെ ഗോളടക്കം നാലു ഗോളിന്റെ ബലത്തിൽ നെറോക്ക എഫ്‌സിയെ തവിടുപൊടിയാക്കി ഗോകുലം ഇത്തവണത്തെ ഐലീഗിൽ വരവറിയിച്ചിട്ടുണ്ട്. രണ്ടാം വിജയമാണ് ഐ ലീഗിൽ ഇത്തവണ ഇതോടെ ഗോകുലത്തിനു ലഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന കളിയിൽ നാലു ഗോൾ നേടിയതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി ഗോകുലം. ഇതു വരെ ഒൻപത് ഗോളുകളാണ് ഗോകുലം എതിരാളികളുടെ വലയിലെത്തിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ വിജയതത്തോടെ നാലു കളികളിൽ നിന്നും രണ്ടു വിജയവും രണ്ടു തോൽവിയുമുള്ള ഗോകുലം ആറു പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നിട്ടുണ്ട്. ഒൻപത് ഗോളുകൾ അടിച്ച ടീം എട്ടെണ്ണം തിരിച്ചു വാങ്ങുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെസ്റ്റ് ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 39 ആം മിനിറ്റിൽ ജസ്റ്റിൻ നേടിയ ഗോളിലൂടെയാണ് നെറോക്കയ്‌ക്കെതിരെയുള്ള ലീഡ് ഗോകുലം മൂന്നാക്കി ഉയർത്തിയത്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യം മുതൽ തന്നെ ഗോകുലം ആക്രമിച്ചു കളിക്കുകയായിരുന്നു. 22 ആം മിനിറ്റിൽ ജിതേശ്വർ സിംങും, 31 ആം മിനിറ്റിൽ ഫിലിപ്പ് അഡ്‌ജെയും ഗോൾ നേടിയ ശേഷമായിരുന്നു ജസ്റ്റിന്റെ ഗോൾ.
39 ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് പോസ്റ്റിനു മുന്നിൽ നിന്ന് അതിവിദഗ്ധമായി ഗോളിലേയ്ക്കു ചെത്തിയിടുകയായിരുന്നു ജസ്റ്റിൻ. പിന്നീട്, മൂന്നു ഗോൾ ലീഡുമായി അവസാനം വരെ പിടിച്ചു നിന്ന ഗോകുലത്തിനു വേണ്ടി മുഹമ്മദ് ഷെറീഫ് 86 ആം മിനിറ്റിൽ ലീഡ് ഉയർത്തുകയും ചെയ്തു. 88 ആം മിനിറ്റിൽ നെറോക്ക ഗോൾ മടക്കിയെങ്കിലും കളി കൈവിട്ടു കഴിഞ്ഞിരുന്നു.
കോട്ടയം ചുങ്കം മള്ളൂശേരി പ്ലാത്താനത്ത് ജോർജ്കുട്ടിയുടെയും ജെസി ജോർജിന്റെയും മകനാണ് ജസ്റ്റിൻ ജോർജ്. സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമായിരുന്നു. ഫൈനലിൽ കേരളത്തിനു വേണ്ടി നിർണ്ണായക പെനാലിറ്റി ഗോളാക്കിയ ജസ്റ്റിന്റെ നേട്ടം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ സീസണിലും ഗോകുലത്തിന്റെ പ്രതിരോധത്തിലെ നിറ സാന്നിധ്യമായിരുന്നു ജസ്റ്റിൻ.