സദാചാര ഗുണ്ടായിസം: പ്രസ് ക്ലബ്ബ് സെക്രട്ടറി റിമാൻഡിൽ; ചാണകവെള്ളം സമ്മാനിച്ച് വനിതാ മാധ്യമപ്രവർത്തകർ; പ്രതിഷേധം കനക്കുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സദാചാര ഗുണ്ടായിസം ചാണകവെള്ളം സമ്മാനിച്ച് വനിതാ മാധ്യമപ്രവർത്തകർ. സെക്രട്ടറി റിമാൻഡിൽ .വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ചെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ ഇന്നലെ പേട്ട പൊലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിന് പിന്നാലെ കേരളകൗമുദി ജീവനക്കാരനായ രാധാകൃഷ്ണനെ സ്ഥാപനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചതടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പശ്ചാത്തലത്തിൽ ഇയാളെ വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണൻ ജോലി ചെയ്തിരുന്ന സ്ഥാപനവും അച്ചടക്ക നടപടി സ്വീകരിച്ചത്. രാധാകൃഷ്ണന്റെ സഹപ്രവർത്തക കൂടിയായ പരാതിക്കാരിയുടെ ഗുരുതരമായ ആരോപണങ്ങളിൽ 24 മണിക്കൂറിനകം വിശദീകരണം നൽകാൻ കേരള കൗമുദി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി നൽകിയില്ല. കുറ്റാരോപിതന് ഒരു വിശദീകരണവും തരാനില്ലെന്ന് കണക്കാക്കിയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് ചുമത്തിയെങ്കിലും ഇന്നലെ പ്രസ് ക്ലബ്ബിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പ്രസ് ക്ലബ് മാനേജ്‌മെന്റ് കമ്മിറ്റി ചേർന്നെങ്കിലും രാധാകൃഷ്ണനെതിരെ ഒരു നടപടിക്കും തയ്യാറായില്ല. ഇതിനെ തുടർന്ന്. രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ സെക്രട്ടറിക്കായി ചാണകവെള്ളം നിറച്ച കുപ്പി സമ്മാനിച്ചു.
സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച വനിതകൾ, രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അറിയിച്ചു. പ്രസിഡന്റ് സോണിച്ചൻ ജോസഫും മാനേജിങ് കമ്മിറ്റി അംഗങ്ങളും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ശനിയാഴ്ച രാത്രി പത്തുമണിയോടെ യുവതിയുടെ സഹപ്രവർത്തകൻ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവർത്തകൻ കൂടിയായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയതെന്നാണ് പരാതി.
സദാചാര ഗുണ്ടായിസത്തിന് ഇരയായ മാധ്യമപ്രവർത്തകക്കെതിരെ രാധാകൃഷ്ണൻ അപവാദ പ്രചരണം നടത്തുന്നുവെന്ന് കാട്ടി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
പ്രസ് ക്ലബ്ബിൽ നിന്ന് രാധാകൃഷ്ണനെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് വനിതാ മാധ്യമ പ്രവർത്തകരുടെ നിലപാട്.
സംഭവത്തിൽ രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിൻ, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്. ഐ.പി.സി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.