
പൊളിറ്റിക്കൽ ഡെസ്ക്
കോട്ടയം: അപ്രതീക്ഷിതമായി യു.ഡി.എഫിനു പുറത്തായ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടാൻ തക്കം പാർത്തിരിക്കുന്നത് 12 മുതിർന്ന നേതാക്കൾ. ജോസ് വിഭാഗത്തിൽ നിന്ന് പരമാവധി നേതാക്കളെ അടർത്തി എടുക്കാൻ കോണ്‍ഗ്രസും ജോസഫും തന്ത്രങ്ങൾ ഒരുക്കുകയാണ്. എന്നാൽ , ഇതിലൊന്നും വീണ് പോകാതെ സ്വന്തം നിലപാട് മുറുകെ പിടിച്ച് ജോസ് കെ മാണി വിഭാഗം പരമാവധി ആളുകളെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്.
എന്നാല്‍, ജോസ് വിഭാഗത്തിലെ ജനറല്‍ സെക്രട്ടറി പ്രിന്‍സ് ലൂക്കോസ് ഉള്‍പ്പെടെയുള്ളവരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതു ജോസഫിനു നേട്ടമായി. ആടിനില്‍ക്കുന്ന പന്ത്രണ്ടോളം മുതിര്‍ന്നനേതാക്കള്‍ ഉടന്‍ ജോസിനെ കൈവിടുമെന്നാണു ജോസഫ് വിഭാഗത്തിന്റെ അവകാശവാദം. അതൃപ്‌തരെ കണ്ടെത്തി ഭാരവാഹിത്വം വാഗ്‌ദാനം ചെയ്യുകയാണു ജോസ് പക്ഷത്തിന്റെ മറുനീക്കം. തദ്ദേശസ്‌ഥാപനങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഭരണം നിലനിര്‍ത്താനും പദ്ധതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസഫ് ഗ്രൂപ്പില്‍ നേരത്തേയെത്തിയ നേതാക്കളാകട്ടെ ജോസ് വിഭാഗത്തിന്റെ സീറ്റുകളില്‍ കണ്ണുനട്ട് ചരടുവലി തുടങ്ങി.
ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍നിന്നു ജോസഫില്‍ ലയിച്ച ഫ്രാന്‍സിസ് ജോര്‍ജിന് ഇടുക്കി നിയമസഭാ സീറ്റിലാണു കണ്ണ്. ഇടുക്കി എം.എല്‍.എ. റോഷി അഗസ്‌റ്റിന്‍ ജോസ് പക്ഷത്തായതിനാല്‍ യു.ഡി.എഫിനു പുതിയ സ്‌ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരുമെന്നാണു ഫ്രാന്‍സിസിന്റെ കണക്കുകൂട്ടല്‍.
മുന്‍ എം.പിയെന്ന നിലയില്‍ ഇടുക്കിക്കായി വിലപേശാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാകില്ല. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ സ്‌ഥാനമൊഴിഞ്ഞ് ജോസഫിനൊപ്പം കൂടിയ ജോണി നെല്ലൂരിന്റെ സ്വപ്‌നങ്ങളില്‍ മൂവാറ്റുപുഴയും കുട്ടനാടുമുണ്ട്. ഏറ്റുമാനൂരിൽ അങ്കത്തിന് ഇറങ്ങാനാണ് പ്രിന്‍സ് ലൂക്കോസിന്റെ മോഹം.
കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച അഞ്ച് സീറ്റില്‍ നാലും തിരിച്ചെടുക്കാമെന്നതാണു കോണ്‍ഗ്രസിലെ ഭൈമീകാമുകരുടെ പ്രതീക്ഷ. ജോസഫ് പക്ഷത്തെ മോന്‍സ് ജോസഫിന്റെ കടുത്തുരുത്തിയൊഴികെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, പാലാ, ചങ്ങനാശേരി മണ്ഡലങ്ങളിലാണു കോണ്‍ഗ്രസിന്റെ നോട്ടം. ചങ്ങനാശേരി എം.എല്‍.എയും ജോസഫ് പക്ഷത്തെ പ്രമുഖനുമായ സി.എഫ്. തോമസ് ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതു കെ.സി. ജോസഫിനു വേണ്ടി ചോദിച്ചുവാങ്ങാനാണു കോണ്‍ഗ്രസ് നീക്കം. ജോസി സെബാസ്‌റ്റ്യനും ചങ്ങനാശേരിയില്‍ നോട്ടമുണ്ട്. പാലായില്‍ അര”ക്കൈ” നോക്കാനുള്ള ശ്രമത്തിലാണു ജോസഫ് വാഴയ്‌ക്കന്‍. പൂഞ്ഞാറിനായി ടോമി കല്ലാനിയും ഏറ്റുമാനൂരിനായി ലതികാ സുഭാഷും ഫിലിപ്പ് ജോസഫും കച്ചമുറുക്കുന്നു.
കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍) പുനരുജ്‌ജീവിപ്പിച്ച് അതൃപ്‌തരെ ആകര്‍ഷിക്കാനാണു ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിന്റെ നീക്കം. അതിനായി ജനപക്ഷം ഉപേക്ഷിച്ച് കേരളാ കോണ്‍ഗ്രസ് ബ്രാന്‍ഡ് വീണ്ടും പൊടിതട്ടിയെടുത്തേക്കും. ജോസിനെ വിട്ടാലും ജോസഫിലേക്കു പോകാന്‍ താത്‌പര്യമില്ലാത്തവരെയാണു ജോര്‍ജ് വലവീശുന്നത്.