
കോട്ടയം: കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകള്‍ നടക്കുന്നതിനിടെ വിവാദത്തിലേക്ക് പാലാ മണ്ഡലവും.
ജോസ് കെ.മാണി യുഡിഎഫില്‍ വന്നാലും പാലാ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎല്‍എ തുറന്നടിച്ചു. ജോസിന്റെ മുന്നണിമാറ്റത്തിന് ശ്രമിക്കുന്ന യുഡിഎഫിലെ ചില നേതാക്കള്‍ക്ക് ഇത് തിരിച്ചടിയായി.
ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ പാലായില്‍ മത്സരിക്കാൻ മാണി സി. കാപ്പന്റെ സമ്മതം ആർക്കുവേണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എം നേതാക്കളുടെ പ്രതികരണം. ഏതുമുന്നണിയില്‍ ആയാലും സീറ്റ് തീരുമാനിക്കുന്നത് കാപ്പനാണോയെന്നും അവർ പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസ് കെ.മാണിയും പാർട്ടിയും യുഡിഎഫില്‍ മടങ്ങിവരേണ്ടതാണെന്ന് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞതോടെയാണ് സമീപകാലത്ത് ഈ വിഷയം സജീവമായത്. മുന്നണിമാറ്റം അന്നുതന്നെ ജോസ് തള്ളി. ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും അർഹതപ്പെട്ടതെല്ലാം തന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫിന്റെ വിപുലീകരണം വേണമെന്നും ആരെങ്കിലും വരണമെങ്കില്‍ അവർ തന്നെ ആഗ്രഹം പ്രകടിപ്പിക്കണമെന്നും പറഞ്ഞ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് വിവാദത്തില്‍ പങ്കുചേർന്നു.
ജോസിന്റെ വരവിനെ അദ്ദേഹം പരസ്യമായി എതിർത്തതുമില്ല.
ജോസ് കെ.മാണി യുഡിഎഫില്‍ മടങ്ങിവരുമെന്നും പാലായ്ക്ക് പകരം കടുത്തുരുത്തിയില്‍ മത്സരിക്കാൻ ഒരുങ്ങുന്നുവെന്നുമായിരുന്നു അടുത്ത പ്രചാരണം. ഞായറാഴ്ച ജോസ് കെ.മാണി ഇത് നിഷേധിച്ചു. ഇതെല്ലാം അഭ്യൂഹമാണെന്നായിരുന്നു പ്രതികരണം.
മുന്നണിമാറ്റം തള്ളിക്കളഞ്ഞ് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് തിങ്കളാഴ്ച രംഗത്തുവന്നു. യുഡിഎഫിന് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് അവർ ഇതൊക്കെ പ്രതീക്ഷിക്കുന്നത്. ജോസ് കെ.മാണിക്ക് പാലായിലോ കടുത്തുരുത്തിയിലോ പാർട്ടി തീരുമാനിക്കുന്ന മറ്റൊരു സീറ്റിലോ മത്സരിക്കാം. അത് ഇടതുമുന്നണിയില്‍തന്നെ നിന്നാകും-സ്റ്റീഫൻ പറഞ്ഞു.