സ്വന്തം ലേഖകൻ
കോട്ടയം: പാലാ നിയോജക മണ്ഡലത്തിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷാ ജോസ് കെ.മാണി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ജോസഫ് ഗ്രൂപ്പിന്റെ പ്രതിഷേധത്തിനൊടുവിൽ നിഷയെ മത്സരിക്കുന്നതിൽ നിന്നും ജോസ് കെ.മാണി ഇടപെട്ട് പിൻതിരിപ്പിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. ഇതിനിടെ ഒത്തു തീർപ്പിനായി രണ്ട് പേരുകൾ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യുഡിഎഫിന് കൈമാറിയിട്ടുണ്ട്്. ഇതിനിടെ ഒത്തു തീർപ്പിനായി പി.ജെ ജോസഫും, കുഞ്ഞാലിക്കുട്ടിയും തമ്മിൽ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചത്. എം.പി തോമസ് ചാഴികാടന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പ്രവർത്തകരെയും നേതാക്കളെയും ജനപ്രതിനിധികളെയും വിളിച്ചു വരുത്തി ചർച്ച നടത്തിയത്. എന്നാൽ, ഒരു തരത്തിലുമുള്ള ധാരണയിൽ എത്തിച്ചേരാൻ ഇവിടെ സാധിച്ചില്ല. കേരള കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജോസ് കെ.മാണി വിഭാഗത്തിനുള്ളിൽ നിന്നു തന്നെ നിഷാ ജോസ് കെ.മാണിയ്‌ക്കെതിരായി വികാരം ഉയർന്നു വന്നു. ഏക കണ്ഠമായി നിഷയുടെ പേര് പ്രഖ്യാപിക്കപ്പെടുമെന്നുള്ള ധാരണമാറി. തുടർന്നാണ് ഏറ്റവും കൂടുതലായി നിർദേശിക്കപ്പെട്ട് പൂഞ്ഞാർ സ്വദേശിയായ നേതാവിന്റെയും, ജോസ് കെ.മാണിയുമായി ഏറ്റവും അടുപ്പമുള്ള യുവ നേതാവിന്റെയും പേരുകൾ പുറത്ത് വന്നത്. തുടർന്ന് ഈ രണ്ടു പേരുകളും തയ്യാറാക്കിയ സ്ഥാനാർത്ഥി നിർണ്ണയ സമിതി യുഡിഎഫിന് പേരുകൾ കൈമാറുകയായിരുന്നു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ചേരുന്ന യുഡിഎഫ് യോഗം രണ്ട് പേരുകളും ചർച്ച ചെയ്യുകയാണ്. നിഷാ ജോസ്.കെമാണിയാണ് മത്സരിക്കുന്നതെങ്കിൽ പരാജയപ്പെടുമെന്നും, നിഷയ്ക്ക് ജനപിൻതുണയില്ലെന്നു പി.ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നിഷയെ സ്ഥാനാർത്ഥിയാക്കാനില്ലെന്ന് കേരള കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാത്രി വൈകിയാണെങ്കിലും ഇന്ന് തന്നെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നു തന്നെയാണ് സൂചന.